| Monday, 23rd June 2025, 5:24 pm

ഡേയ് നല്ല ബൗണ്‍സ് ഇറുക്കുതെടാ മച്ചീ... ഹിന്ദിയിലല്ല, രാഹുലിന്റെ ടാക്ടിക്‌സ് പച്ച തമിഴില്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ഈ പരമ്പരയില്‍ വിജയിക്കുന്ന ടീം പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫി ജേതാക്കളുമാകും.

മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാല്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനെയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും ഇന്ത്യയ്ക്ക് മൂന്നാം ദിവസം തന്നെ നഷ്ടപ്പെടുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും നാല് റണ്‍സിനാണ് മടങ്ങിയത്. ഇന്നിങ്‌സിലെ നാലാം ഓവറില്‍ ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജെയ്മി ഓവര്‍ട്ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി സായ് സുദര്‍ശന്‍ ക്രീസിലെത്തി. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് മടങ്ങിയ തമിഴ്‌നാട് സൂപ്പര്‍ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അനിവാര്യമായിരുന്നു.

സായ് ബാറ്റിങ്ങിനിറങ്ങിയതിന് പിന്നാലെ കെ.എല്‍. രാഹുല്‍ യുവതാരത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പിച്ച് നന്നായി ബൗണ്‍സിനെ തുണയ്ക്കുന്നു എന്നാണ് രാഹുല്‍ സായ് സുദര്‍ശനോട് പറഞ്ഞത്.

തമിഴിലാണ് രാഹുല്‍ ഇക്കാര്യം സായ് സുദര്‍ശനോട് പറഞ്ഞത്. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തങ്ങളുടെ സംഭാഷണം മനസിലാകരുത് എന്നുറച്ചാണ് രാഹുല്‍ തമിഴില്‍ സംസാരിച്ചത്.

സാധാരണയായി ഹിന്ദിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തില്‍ സംസാരിക്കാറുള്ളത്. എതിര്‍ ടീമംഗങ്ങള്‍ക്ക് തങ്ങളുടെ സംഭാഷണം മനസിലാക്കാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ചില ഹിന്ദി വാക്കുകളും അതിന്റെ അര്‍ത്ഥവും പഠിച്ചെടുത്ത് ഇതിനെ മറികടക്കാന്‍ ശ്രമിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മറ്റ് പ്രാദേശിക ഭാഷകളും ഉപയോഗിക്കും.

നേരത്തെ തങ്ങള്‍ക്ക് ഹിന്ദി ഭാഷ മനസിലാകാതിരിക്കാന്‍ വേണ്ടി സഞ്ജു സാംസണ്‍ തമിഴില്‍ നിര്‍ദേശങ്ങള്‍ നല്‍കിയതിനെ കുറിച്ച് ഇന്ത്യന്‍ വംശജന്‍ കൂടിയായ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഇഷ് സോധി സംസാരിച്ചിരുന്നു.

അതേസമയം, മത്സരത്തില്‍ സായ് സുദര്‍ശന്‍ 30 റണ്‍സുമായി മൂന്നാം ദിവസം തന്നെ പുറത്തായിരുന്നു.

നാലാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് റണ്‍സ് മാത്രമാണ് ഗില്ലിന് സ്വന്തമാക്കാന്‍ സാധിച്ചത്.

നിലവില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 43 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.144 പന്തില്‍ 64 റണ്‍സുമായി കെ.എല്‍. രാഹുലും 42 പന്ത് നേരിട്ട് 25 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

Content Highlight: IND vs ENG:KL Rahul gave advice to Sai Sudharsan in Tamil

We use cookies to give you the best possible experience. Learn more