വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് സൗത്ത് ആഫ്രിക്ക ജേതാക്കളായതോടെ ഒരു പുതിയ ഡബ്ല്യു.ടി.സി സൈക്കിൾ ആരംഭിക്കുകയാണ്. ഈ സൈക്കിളിലെ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയോടെയാണ്. ജൂൺ 20 തുടങ്ങുന്ന പരമ്പരയെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യൻ ടീം സ്വപ്നം കാണുന്നത്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഈ സ്വപ്‍നത്തിനായി ഇറങ്ങുന്നത്. ശുഭ്മന്‍ ഗിൽ ഇന്ത്യൻ നായകനായി എത്തുമ്പോൾ വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിൽ റിഷബ് പന്താണുള്ളത്.
ഇപ്പോൾ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ശുഭ്മൻ ഗിൽ മൂന്നാമതോ നാലാമതായി ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
ആറാം സ്ഥാനത്ത് ഒരു സ്പെഷ്യലിസ്റ്റ് ബാറ്റർ വേണമെന്നും പന്ത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യട്ടെയെന്നും മുൻ താരം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു കെവിൻ പീറ്റേഴ്സൺ.
”ശുഭ്മന് അവന് കംഫോർട്ടബ്ളായ സ്ഥാനത്ത് ബാറ്റ് ചെയ്യാം. എനിക്ക് തോന്നുന്നത് അവൻ മൂന്നാമതോ നാലാമതായി ഇറങ്ങണമെന്നാണ്. കെ.എൽ രാഹുലും യശസ്വി ജെയ്സ്വാളും ഓപ്പൺ ചെയ്യും. പിന്നീട് സായ് സുദർശനും കരുൺ നായരുമെത്തും. ആറാമനായി ബാറ്ററെ ഇറക്കണം.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ആ സ്ഥാനത്ത് ഒരു ബാറ്റർ എത്തുന്നതാണ് നല്ലത്. ഏഴാം നമ്പറിൽ പന്ത് ബാറ്റ് ചെയ്യാൻ എത്തണം. ബാക്കി നാല് ഫാസ്റ്റ് ബൗളർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്താം,’ പീറ്റേഴ്സൺ പറഞ്ഞു.