ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരം ഓവലില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒലി പോപ്പ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലെത്തിക്കാം. എന്നാല്‍ പരാജയപ്പെടാതെ പിടിച്ചുനിന്നാല്‍ ആതിഥേയര്‍ക്ക് പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളാകാന്‍ സാധിക്കും.
മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണ്‍ നായരിന്റെ കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് സ്‌കോര്‍ ഉയര്‍ത്തുന്നത്. 98 പന്തില്‍ 52 റണ്‍സുമായാണ് താരം ക്രീസില്‍ തുടരുന്നത്. 45 പന്തില്‍ 19 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറാണ് ക്രീസിലുള്ള മറ്റൊരു താരം.
That’s Stumps on Day 1 of the 5th #ENGvIND Test! #TeamIndia end the rain-curtailed opening Day on 204/6.
അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ കരുണ്‍ നായരിന്റെ അനുഭാവപൂര്‍ണമുള്ള പ്രവൃത്തിക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം കയ്യടിക്കുന്നത്. എതിരാളികളിലൊരാള്‍ പരിക്കേറ്റുവീണ സാഹചര്യത്തില്‍, അവസരം മുതലാക്കാന്‍ ശ്രമിക്കാതിരുന്ന കരുണിന്റെ പ്രവൃത്തിയാണ് ചര്‍ച്ചയാകുന്നത്.
മത്സരത്തിന്റെ ആദ്യ ദിനത്തിലെ അവസാനത്തെ സെഷനിലായിരുന്നു സംഭവം. ജെയ്മി ഓവര്‍ട്ടണ്‍ എറിഞ്ഞ 57ാം ഓവറിനിടെ ഇംഗ്ലണ്ട് താരം ക്രിസ് വോക്സിന് പരിക്കേല്‍ക്കുകയായിരുന്നു. കരുണിന്റെ ഷോട്ട് ബൗണ്ടറിയാകാന്‍ അനുവദിക്കാതെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ഡൈവിനിടെ തോള്‍ ഭാഗത്ത് പരിക്കേറ്റ താരം വേദനകൊണ്ട് എഴുന്നേല്‍ക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു. പന്ത് തിരികെ എടുത്ത് നല്‍കാന്‍ പോലും താരത്തിന് സാധിച്ചിരുന്നില്ല.
My respect for Karun Nair has increased even more for his kind act. He could’ve ran 4 runs easily but didn’t as he saw Christopher Woakes lying helplessly on the ground in pain 🙏 pic.twitter.com/WdnzpHqJjT
— Troll cricket unlimitedd (@TUnlimitedd) July 31, 2025
ഇതിനിടെ കരുണ്‍ നായരും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടിയെടുത്തിരുന്നു. നാലാം റണ്‍സ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ വോക്സ് വേദന കാരണം ബുദ്ധിമുട്ടുന്നതുകണ്ട കരുണ്‍ നാലാം റണ്‍സ് വേണ്ട എന്ന് ആംഗ്യം കാണിക്കുകയായിരുന്നു.
ഇതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തി. ക്രിക്കറ്റ് ഒരു ജെന്റില്‍മെന്‍സ് ഗെയിം ആണെന്ന് തെളിയിക്കുന്ന നിമിഷങ്ങളിലൊന്നാണ് ഇതെന്നും കരുണ്‍ അഭിമാനമാണെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ശേഷിക്കുന്ന മത്സരം താരത്തിന് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. യശസ്വി ജെയ്സ്വാള്‍ വെറും രണ്ട് റണ്‍സിന് പുറത്തായി. 40 പന്തില്‍ 14 റണ്‍സ് നേടിയ കെ.എല്‍. രാഹുലും 35 പന്ത് നേരിട്ട് 21 റണ്‍സുമായി നില്‍ക്കവെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. രവീന്ദ്ര ജഡേജ ഒമ്പത് റണ്‍സുമായി മടങ്ങിയപ്പോള്‍ റിഷബ് പന്തിന് പകരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ 19 റണ്‍സിനും മടങ്ങി.
ആദ്യ ദിവസം ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണും ജോഷ് ടംഗും രണ്ട് വീതം വിക്കറ്റെടുത്തു. ക്രിസ് വോക്സാണ് ശേഷിച്ച വിക്കറ്റെടുത്തത്.