സൂപ്പർ താരങ്ങളെ നമ്മൾ ജീവിതകാലം മുഴുവൻ മിസ് ചെയ്യും, പക്ഷേ... തുറന്നുപറഞ്ഞ് കപിൽ ദേവ്
Sports News
സൂപ്പർ താരങ്ങളെ നമ്മൾ ജീവിതകാലം മുഴുവൻ മിസ് ചെയ്യും, പക്ഷേ... തുറന്നുപറഞ്ഞ് കപിൽ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th June 2025, 8:07 am

ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഒരു നാൾ കൂടി മാത്രമാണുള്ളത്. നാളെ (ജൂൺ 20) ലീഡ്‌സിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ളത്. 18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം.

സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക. ക്യാപ്റ്റൻസി റോളുകളിലും ഇന്ത്യൻ കുപ്പായത്തിൽ എത്തുന്നത്ത് താരതമ്യേന ഒരു പുതുനിര തന്നെയാണ്.

ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല, വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

ഇപ്പോൾ ശുഭ്മൻ ഗില്ലിനെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ഐ.പി.എല്ലിൽ ഗില്ലൊരു ടീമിനെ നയിച്ചിട്ടുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും ഇംഗ്ലണ്ടിൽ ജയിക്കാൻ കെൽപ്പുള്ള ടീമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് ടോക്കിനോട് സംസാരിക്കുകയായിരുന്നു മുൻ നായകൻ.

‘ഗിൽ ഐ.പി.എല്ലിൽ ഒരു ടീമിനെ നയിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെന്ന് എനിക്കറിയാം. പക്ഷെ ഞാനതിൽ കൂടുതൽ ചിന്തിക്കുന്നില്ല. ഇംഗ്ലണ്ടിൽ ജയിക്കാൻ കെൽപ്പുള്ള ടീമാണിതെന്നാണ് എനിക്ക് തോന്നുന്നത്,’ കപിൽ ദേവ് പറഞ്ഞു.

രോഹിത്തും വിരാടും ടീമിലില്ലാത്തതിനെ കുറിച്ചും കപിൽ ദേവ് സംസാരിച്ചു. വിരമിച്ച സൂപ്പർ താരങ്ങളെ നമ്മൾ ജീവിതകാലം മുഴുവൻ മിസ് ചെയ്യുമെന്നും എന്നാൽ പുതുതലമുറയെ കുറിച്ച് അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് അവന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്നും വിരാട് നമ്മളെയെല്ലാവരെയും വളരെയധികം അഭിമാനഭരിതരാക്കിയെന്നും മുൻ ഇന്ത്യൻ നായകൻ അഭിപ്രായപ്പെട്ടു. എന്നാൽ അടുത്ത താരം ഇവരേക്കാൾ മികച്ച നിലയിലെത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സച്ചിൻ ടെൻഡുൽക്കറോ സുനിൽ ഗവാസ്കറോ അനിൽ കുംബ്ലെയോ എം.എസ്. ധോണിയോ യുവരാജ് സിങ്ങോ ഇപ്പോൾ ടീമിലില്ല. അവരെയൊക്കെ നമ്മൾ ജീവിതകാലം മുഴുവൻ മിസ് ചെയ്യും. എന്നാൽ നമ്മൾ പുതിയ തലമുറയിലേക്ക് നോക്കുകയും അവരെ കുറിച്ച് അഭിമാനിക്കുകയും വേണം.

രോഹിത് അവന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. വിരാട് നമ്മളെയെല്ലാവരെയും വളരെയധികം അഭിമാനഭരിതരാക്കി. അടുത്ത ഒരു താരം അതിനേക്കാൾ മികച്ച നിലയിലെത്തുന്നത് നമ്മുക്ക് കാണാൻ കഴിഞ്ഞേക്കാം. അതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്,’ കപിൽ ദേവ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്

Content Highlight: Ind vs Eng: Kapil Dev talks about Shubhman Gill captaincy and Virat Kohli and Rohit Sharma’s absence in Indian team