അവന്‍ ടെസ്റ്റില്‍ ബാറ്റിങ്ങിനറങ്ങിയാല്‍ അപ്പോള്‍ തന്നെ ഞാന്‍ ടി.വി ഓണ്‍ ചെയ്യും; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ജോസ് ബട്‌ലര്‍
Sports News
അവന്‍ ടെസ്റ്റില്‍ ബാറ്റിങ്ങിനറങ്ങിയാല്‍ അപ്പോള്‍ തന്നെ ഞാന്‍ ടി.വി ഓണ്‍ ചെയ്യും; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ജോസ് ബട്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 4:12 pm

 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ഈ പരമ്പരയില്‍ വിജയിക്കുന്ന ടീം പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫി ജേതാക്കളുമാകും.

മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഇന്ത്യ 96 റണ്‍സിന് മുന്നിട്ട് നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയിലാണ് ബാറ്റിങ് അവസാനിപ്പിച്ചത്.

എന്നാല്‍ മത്സരത്തിന്റെ നാലാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എട്ട് റണ്‍സിന് മടങ്ങി. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ബൗള്‍ഡായാണ് ഗില്‍ പുറത്തായത്.

ഇനി ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും കെ.എല്‍. രാഹുലിലും റിഷബ് പന്തിലും മാത്രമാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ പന്ത് രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

റിഷബ് പന്തിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ റിഷബ് പന്ത് അതുല്യനാണെന്നും താരത്തിന്റെ ബാറ്റിങ് കാണുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും ബട്‌ലര്‍ പറഞ്ഞു. തന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍ താരം.

 

‘റിഷബ് പന്ത് ഒരു അസാമാന്യനായ ടെസ്റ്റ് മാച്ച് ക്രിക്കറ്ററാണ്. അവന്‍ ഒരു ബോക്‌സ് ഓഫീസ് ക്രിക്കറ്ററാണെന്ന് പറയേണ്ടി വരും. ടെസ്റ്റ് ഫോര്‍മാറ്റില്‍ അവന്‍ ബാറ്റിങ്ങിനിറങ്ങിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ ടി.വി. ഓണ്‍ ചെയ്യും,’ ബട്‌ലര്‍ പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ 178 പന്ത് നേരിട്ട് 134 റണ്‍സുമായാണ് പന്ത് പുറത്തായത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇത് ഏഴാം തവണയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതില്‍ അഞ്ചും വിദേശ പിച്ചുകളിലാണ് താരം സ്‌കോര്‍ ചെയ്തത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

റിഷബ് പന്തിന് പുറമെ ശുഭ്മന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഗില്‍ 227 പന്തില്‍ 147 റണ്‍സും ജെയ്‌സ്വാള്‍ 159 പന്തില്‍ 101 റണ്‍സും നേടി. മൂവരുടെയും കരുത്തില്‍ 471 റണ്‍സില്‍ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനായി ഒലി പോപ്പും (137 പന്തില്‍ 106), ഹാരി ബ്രൂക്കും (112 പന്തില്‍ 99) മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ ഇത് മതിയാകുമായിരുന്നില്ല.

ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 465ന് പുറത്താവുകയും ഇന്ത്യ ആറ് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.

 

Content Highlight: IND vs ENG: Jos Buttler praises Rishabh Pant