ദ്രാവിഡ്, കാല്ലിസ്, പോണ്ടിങ്... ഒറ്റ ഇന്നിങ്‌സില്‍ റൂട്ടിനോട് അടിയറവ് പറഞ്ഞ് ഇതിഹാസങ്ങള്‍
Sports News
ദ്രാവിഡ്, കാല്ലിസ്, പോണ്ടിങ്... ഒറ്റ ഇന്നിങ്‌സില്‍ റൂട്ടിനോട് അടിയറവ് പറഞ്ഞ് ഇതിഹാസങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th July 2025, 9:12 pm

 

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ ആതിഥേയര്‍ക്ക് ലീഡ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ മറികടന്നാണ് ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തിയിരിക്കുന്നത്.

ടോപ് ഓര്‍ഡറില്‍ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ഒലി പോപ്പും ചേര്‍ന്ന് അടിത്തറയൊരുക്കിയ ഇന്നിങ്‌സ് ജോ റൂട്ട് പടുത്തുയര്‍ത്തുകയായിരുന്നു. ക്രോളി, ഡക്കറ്റ്, പോപ്പ് എന്നിവര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സെഞ്ച്വറിയുമായാണ് റൂട്ട് തിളങ്ങിയത്.വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ അന്‍ഷുല്‍ കാംബോജിനെതിരെ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു റൂട്ട് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

കരിയറിലെ 38ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. ഈ ഇന്നിങ്‌സിന് പിന്നാലെ ചരിത്രത്തിലേക്കാണ് റൂട്ട് നടന്നുകയറിയകത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് റൂട്ട് തരംഗമായത്. നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് റൂട്ടിന് മുമ്പിലുള്ളത്.

ഓസീസ് ലെജന്‍ഡ് റിക്കി പോണ്ടിങ്, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ജാക് കാല്ലിസ് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് എന്നിവരെ മറികടന്നാണ് റൂട്ട് ചരിത്രമെഴുതിയത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് 156 മത്സരത്തിലെ 285 ഇന്നിങ്സില്‍ നിന്നും 13,259 റണ്‍സാണ് റൂട്ട് തന്റെ പേരിലാക്കിയത്. 50.80 ശരാശരിയില്‍ 37 സെഞ്ച്വറിയും 66 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മാഞ്ചസ്റ്ററില്‍ 29 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയും 30 റണ്‍സ് നേടിയാല്‍ ജാക് കാല്ലിസിനെയും മറികടക്കാന്‍ റൂട്ടിന് സാധിക്കുമായിരുന്നു. അതേസമയം, പോണ്ടിങ്ങിനെ വെട്ടാന്‍ വേണ്ടിയിരുന്നതാകട്ടെ 119 റണ്‍സും. ഇതില്‍ മൂവരെയും താരം മറികടക്കുകയും ചെയ്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921

ജോ റൂട്ട് – ഇംഗ്ലണ്ട് – 286 – 13,384*

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 287 – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക, ഐ.സി.സി – – 280 – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ, ഐ.സി.സി – 286 – 13,288

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472

അതേസമയം, ഇംഗ്ലണ്ട് ഇന്നിങ്‌സ് 105 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നിലവില്‍ ടീം 85 റണ്‍സിന് മുമ്പിലാണ്. 210 പന്തില്‍ 125 റണ്‍സുമായി ജോ റൂട്ടും 77 പന്തില്‍ 40 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.

 

Content Highlight: IND vs ENG: Joe Root surpassed Ricky Ponting, Jack Kallis and Rahul Dravid in most Test Runs