സ്മിത്തിനെയും വെട്ടി ഇന്ത്യക്കെതിരെ റൂട്ടിന്റെ തേരോട്ടം
Sports News
സ്മിത്തിനെയും വെട്ടി ഇന്ത്യക്കെതിരെ റൂട്ടിന്റെ തേരോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th July 2025, 1:42 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെടുത്തിട്ടുണ്ട്. 135 ഓവറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആതിഥേയര്‍ക്ക് 186 റണ്‍സിന്റെ ലീഡ് നേടാനായി. നിലവില്‍ നായകന്‍ ബെന്‍ സ്റ്റോക്‌സും (134 പന്തില്‍ 77) ലിയാം ഡോവ്‌സണുമാണ് (52 പന്തില്‍ 21) ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പിന്തുടരുന്ന ഇംഗ്ലണ്ടിനെ വലിയ സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണയകമായത് ജോ റൂട്ടിന്റെ സെഞ്ച്വറി പ്രകടനമാണ്. താരം 248 പന്തുകള്‍ നേരിട്ട 150 റണ്‍സാണ് സന്ദര്‍ശകര്‍ക്കെതിരെ അടിച്ചെടുത്തത്. 14 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ സൂപ്പര്‍ പ്രകടനത്തോടെ ഒരു മിന്നും നേട്ടമാണ് റൂട്ടിന് സ്വന്തമാക്കാന്‍ സാധിച്ചത്. ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഇംഗ്ലണ്ട് ബാറ്റര്‍ക്ക് സാധിച്ചത്. 12 സെഞ്ച്വറികള്‍ നേടിയാണ് താരം ഈ നേട്ടത്തില്‍ മുന്നിലെത്തിയത്. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് റൂട്ട് തലപ്പത്തെത്തിയത്.

ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 12 – 62

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 11 – 46

ഗാരി സോബേഴ്സ് – വെസ്റ്റ് ഇന്‍ഡീസ് – 8 – 30

വിവിയന്‍ റിച്ചാര്‍ഡ്സ് – വെസ്റ്റ് ഇന്‍ഡീസ് – 8 – 41

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 8 – 51

റൂട്ടിന് പുറമെ, ഓപ്പണര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. ബെന്‍ ഡക്കറ്റ് 100 പന്തില്‍ 94 റണ്‍സ് കണ്ടെത്തിയപ്പോള്‍ സാക്ക് ക്രൗളി 113 പന്തുകള്‍ നേരിട്ട് 84 റണ്‍സെടുത്തു. വണ്‍ ഡൗണായി ഇറങ്ങിയ ഒലി പോപ്പും മോശമാക്കിയില്ല. താരം 128 പന്തുകളില്‍ നിന്നായി 71 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 114.1 ഓവറില്‍ 358 റണ്‍സ് എടുത്ത് പുറത്തായിരുന്നു. യുവതാരം സായ് സുദര്‍ശന്‍, ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. സായ് സുദര്‍ശന്‍ 151 പന്തുകള്‍ നേരിട്ട് 61 റണ്‍സ് നേടി. ജെയ്സ്വാള്‍ 107 പന്തില്‍ 58 റണ്‍സും സ്‌കോര്‍ ചെയ്തു. കാലിലെ പരിക്കുമായി ബാറ്റ് ചെയ്ത പന്ത് 75 പന്തുകളില്‍ നിന്നായി 54 റണ്‍സ് എടുത്തു.

Content Highlight: Ind vs Eng: Joe Root registers more centuries against India in Tests