മത്സരം റൂട്ടും ജെയ്‌സ്വാളും തമ്മിൽ; ഇത്തവണ ആരാവും ഒന്നാമൻ? പോരാട്ടം കടുക്കും
Sports News
മത്സരം റൂട്ടും ജെയ്‌സ്വാളും തമ്മിൽ; ഇത്തവണ ആരാവും ഒന്നാമൻ? പോരാട്ടം കടുക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th June 2025, 2:46 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ഈ പര്യടനത്തിൽ അഞ്ച് മത്സരങ്ങളാണുള്ളത്. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കീഴിലാണ് ഇന്ത്യ തങ്ങളുടെ പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കുന്നത്. താരത്തിന് കൂട്ടായി വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിൽ വിക്കറ്റ്‌ കീപ്പർ ബാറ്റർ റിഷബ് പന്തുമുണ്ട്.

ഇന്ത്യയ്ക്ക് മോശം ട്രാക്ക് റെക്കോഡുള്ള ഇംഗ്ലണ്ടിൽ ഒരു പരമ്പര വിജയം മോഹിച്ചാണ് അവരുടെ തട്ടകത്തിൽ ഗില്ലും സംഘവും ഇറങ്ങുന്നത്. 18 വർഷങ്ങൾക്ക് മുമ്പാണ് ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ധോണിക്കും വിരാടിനും സാധിക്കാത്തത് ഗില്ലിനും യുവ ഇന്ത്യയ്ക്കും നേടാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യക്കെതിരെ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയിലെ പ്രധാനി നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായ ജോ റൂട്ടാണ്. പക്ഷേ, ഇന്ത്യൻ നിരയിലേക്ക് നോക്കുമ്പോൾ വലിയ പേരുകാരില്ല. എങ്കിലും കഴിഞ്ഞ വർഷം ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഓപ്പണർ യശസ്വി ജെയ്സ്വാൾ പ്രതീക്ഷ നൽകുന്നുണ്ട്.

ഈ പരമ്പരയിൽ ആരാകും ഏറ്റവും റൺസ് നേടുകയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. മികച്ച ഫോമിൽ മുന്നേറുന്ന ജോ റൂട്ട് ഈ പരമ്പരയിലും തിളങ്ങുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ട് സൈക്കിളിലെയും റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ഫിനിഷ് ചെയ്താണ് താരം ഇന്ത്യയ്‌ക്കെതിരെ ഒരുങ്ങുന്നത്.

റൂട്ടിന്റെ അനുഭവസമ്പത്തിന് കിടപിടിക്കാൻ പോന്ന ഒരു താരം ഇന്ത്യൻ നിരയിലിലെങ്കിലും കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ നടന്ന പരമ്പരയിലെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ജെയ്സ്വാൾ റൂട്ടിന് റൺ വേട്ടയിൽ ഒരു വെല്ലുവിളി സൃഷ്ടിച്ചേക്കാം.

2024ൽ ഇംഗ്ലണ്ടിനെതിരെ ജെയ്സ്വാൾ 712 റൺസ് അടിച്ചെടുത്തിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളും നേടിയാണ് ഇടം കൈയ്യൻ ബാറ്റർ ഇത്രയും റൺസ് എടുത്തത്. 89 ശരാശരിയിൽ ബാറ്റ് ചെയ്ത താരം തന്നെയായിരുന്നു കഴിഞ്ഞ വർഷത്തെ പരമ്പരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

എന്നാൽ ജോ റൂട്ടിന് 320 റൺസ് മാത്രമായിരുന്നു ഇന്ത്യക്കെതിരെ അന്ന് നേടാൻ സാധിച്ചത്. 35.56 ശരാശരിയിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് താരം ഒരു  സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ടിനെതിരായ ജെയ്‌സ്വാളിന്റെ പ്രകടനം താരത്തിന് ഒരു സൂപ്പർ നേട്ടം സമ്മാനിച്ചിരുന്നു.  ഒരു പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മൂന്നാമനാവാൻ ഇന്ത്യൻ ഓപ്പണർക്ക് സാധിച്ചിരുന്നു. ഈ ലിസ്റ്റിൽ രണ്ടാമൻ ജോ റൂട്ടാണ്. 2021 – 22 നടന്ന പരമ്പരയിൽ നേടിയ 737 റൺസാണ് റൂട്ടിന്റെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.

ഒരു ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

(താരം – ഇന്നിങ്‌സ് – റൺസ് – ആവറേജ് – 100/50 – വർഷം എന്നീ ക്രമത്തിൽ)

ഗ്രഹാം ഗൂച്ച് – 6 – 752 – 125.33 – 3/3 – 1990

ജോ റൂട്ട് – 9 – 737 – 105.28 – 4/1 – 2021 – 22

യശസ്വി ജെയ്സ്വാൾ – 9 – 712 – 89.00 – 2/3 – 2024

വിരാട് കോഹ്‌ലി – 9 – 655 – 109.16 – 2/2 – 2016

ഇരുവരും ഈ പരമ്പരയിൽ വളരെ പ്രതീക്ഷകളോടെയാണ് എത്തുന്നത്. മികച്ച ഫോമുമായി റൂട്ടും ജെയ്‌സ്വാളും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാധകർക്ക് വലിയ ഷോ തന്നെ ഒരുങ്ങുമെന്ന് തീർച്ചയാണ്.

ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.

Content Highlight: Ind vs Eng: Joe root and Yashasvi Jaiswal are second and third respectively in list of most runs in a single India – England test series