ഒരിക്കല്‍ അവഗണിച്ചെങ്കിലും ഒടുവില്‍ ജയ് ഷായ്ക്ക് മുഹമ്മദ് സിറാജിനെ കൂടി അഭിനന്ദിക്കേണ്ടി വന്നിരിക്കുകയാണ്. ഓവല്‍ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യ പരമ്പര സമനിലയിലെത്തിച്ചതോടെയാണ് മടിച്ചുമടിച്ചെങ്കിലും ജയ് ഷായ്ക്ക് സിറാജിനെ അഭിനന്ദിക്കേണ്ടി വന്നത്.
നെയ്ല്‍ ബൈറ്റിങ് ത്രില്ലറില്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിയിട്ട ഗസ് ആറ്റ്കിന്‍സണിന്റെ വിക്കറ്റടക്കം രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
For his relentless bowling display and scalping nine wickets, Mohd. Siraj bags the Player of the Match award in the 5th Test 👏👏
എന്നാല്‍ വിജയികളെ അഭിനന്ദിച്ചുള്ള ആദ്യ പോസ്റ്റില്‍ മുന്‍ ബി.സി.സി.ഐ ഭാരവാഹി കൂടിയായിരുന്ന ജയ് ഷാ മാച്ച് വിന്നര്‍ മുഹമ്മദ് സിറാജിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ മാത്രമാണ് ജയ് ഷാ പരാമര്‍ശിച്ചത്.
What the world witnessed today was pure Test cricket magic. The Oval delivered one of the most gripping contests in the history of the sport. Salute to both @BCCI (India) and @englandcricket for this masterpiece. pic.twitter.com/1VgkJY83Ee
എന്നാല്‍ ഇതിന് പിന്നാലെ പങ്കുവെച്ച റിപ്ലേ പോസ്റ്റില്‍ ജയ് ഷാ മുഹമ്മദ് സിറാജിനെയും പേരെടുത്ത് അഭിനന്ദിച്ചു.
Hats off to @mdsirajofficial for putting his body on the line every time, he has risen to the occasion and seems immune to pain and fatigue. Congratulations to the young @ybj_19 for shining bright with twin centuries on his maiden away England Test tour.
നേരത്തെ, ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ അന്ന് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സിറാജിനെ ജയ് ഷാ തീര്‍ത്തും അവഗണിച്ചിരുന്നു. ഏഴ് വിക്കറ്റുകളുമായി തിളങ്ങിയ സൂപ്പര്‍ പേസറുടെ പ്രകടനത്തിന്റെ കൂടി കരുത്തിലാണ് ഇന്ത്യ വിജയിച്ചത്. എന്നാല്‍ അന്ന് ജയ് ഷാ താരത്തെ തീര്‍ത്തും അവഗണിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഷായ്‌ക്കെതിരെ ഉയര്‍ന്നു. എന്നാലിപ്പോള്‍ ഒരിക്കലും അവഗണിക്കാന്‍ സാധിക്കാത്ത പ്രകടനവുമായാണ് സിറാജ് ജയ് ഷായെ കൊണ്ട് കൂടി കയ്യടിപ്പിച്ചിരിക്കുന്നത്.
An outstanding Test match showcasing the depth and resilience of Indian cricket.@ShubmanGill’s 269 & 161 were innings of rare quality, while Akashdeep’s 10-wicket haul marked a breakthrough performance. Valuable contributions from @imjadeja and @RishabhPant17 added to a…
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ കരുണ്‍ നായരുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്നത്. 109 പന്ത് നേരിട്ട താരം 57 റണ്‍സ് നേടി മടങ്ങി. ടെസ്റ്റ് ഫോര്‍മാറ്റില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്റെ ആദ്യ 50+ സ്‌കോറായിരുന്നു ഇത്. ഒടുവില്‍ ഇന്ത്യ 224 റണ്‍സിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഷ് ടംഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.
247 റണ്‍സാണ് ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സില്‍ നേടാനായത്. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയെങ്കിലും ബൗളിങ് യൂണിറ്റിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
സാക്ക് ക്രോളി (57 പന്തില്‍ 64), ഹാരി ബ്രൂക്ക് (64 പന്തില്‍ 53), ബെന്‍ ഡക്കറ്റ് (38 പന്തില്‍ 43) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ തകര്‍ത്തടിച്ചു. യശസ്വി ജെയ്സ്വാളിന്റെ സെഞ്ച്വറിയും ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ജെയ്സ്വാള്‍ 164 പന്ത് നേരിട്ട് 118 റണ്‍സുമായി തിളങ്ങി. ആകാശ് ദീപ് 66 റണ്‍സ് നേടിയപ്പോള്‍ സുന്ദറും ജഡജേയും 53 റണ്‍സ് വീതവും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സില്‍ 396 റണ്‍സ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിന് മുമ്പില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യവും കുറിച്ചു.
രണ്ടാം ഇന്നിങ്സില്‍ ജോഷ് ടംഗ് ഇംഗ്ലണ്ടിനായി ഫൈഫര്‍ പൂര്‍ത്തിയാക്കി. ഗസ് ആറ്റ്കിന്‍സണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഓവലിലെ വിജയവും പരമ്പരയും ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ജോ റൂട്ടും ഹാരി ബ്രൂക്കും ഇന്നിങ്സ് കെട്ടിയുയര്‍ത്തി. ഇരുവരും സെഞ്ച്വറി നേടി. ബ്രൂക്ക് 98 പന്തില്‍ 11 റണ്‍സും റൂട്ട് 152 പന്തില്‍ 105 റണ്‍സും അടിച്ചെടുത്തു.
മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 35 റണ്‍സ് മാത്രം മതിയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതാകട്ടെ നാല് വിക്കറ്റും.
ഇരു ടീമുകള്‍ക്കും തുല്യ ജയസാധ്യത കല്‍പ്പിച്ച മത്സരത്തില്‍ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു. ജെയ്മി സ്മിത്തിനെയും ജെയ്മി ഓവര്‍ട്ടണിനെയും തന്റെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയാണ് സിറാജ് തിളങ്ങിയത്. ജോഷ് ടംഗിനെ പ്രസിദ്ധും മടക്കിയതോടെ ഇന്ത്യ വിജയത്തിലേക്ക് കൂടുതല്‍ അടുത്തു.
പരിക്കേറ്റ തോളുമായി ക്രിസ് വോക്സ് ക്രീസിലെത്തിയതോടെ മത്സരം മറ്റൊരു തലത്തിലേക്ക് കടന്നു. വോക്സിനെ പരമാവധി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ തന്നെ നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ചെറുത്തുനിന്നു. എന്നാല്‍ 86ാം ഓവറിലെ ആദ്യ പന്തില്‍ ആറ്റ്കിന്‍സണെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ഓവലില്‍ വിജയവും കുറിച്ചു.
Content highlight: IND vs ENG: Jay Shah congratulate Mohammed Siraj