ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ തന്നെ ബി.സി.സി.ഐ ഈ പരമ്പരയ്ക്കായി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.
18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയം സ്വപ്‍നം കണ്ടിറങ്ങുമ്പോൾ സൂപ്പർ താരം ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. താരത്തിന് സേന രാഷ്ട്രങ്ങളിൽ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാകാനുള്ള സുവർണാവസരമാണുള്ളത്.
ഇതിനായി ബുംറയ്‌ക്ക് അഞ്ച് വിക്കറ്റുകൾ മാത്രമാണ് വേണ്ടത്. നിലവിൽ സേന രാഷ്ട്രങ്ങളിൽ 31 മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ പേസർക്ക് 145 വിക്കറ്റുകളുണ്ട്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരുടെ മുന്നിലുള്ളത് ബുംറ തന്നെയാണ്. ഈ നേട്ടത്തിൽ താരത്തിന് പിന്നിലുള്ളത് ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയാണ്. താരത്തിന് ബുംറയെക്കാൾ നാല് വിക്കറ്റിന്റെ കുറവാണുള്ളത്.
അതേസമയം, വമ്പൻ താരങ്ങൾ അരങ്ങൊഴിഞ്ഞതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക. പരമ്പരയ്ക്കായി 18 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ സീനിയർ താരങ്ങൾ.