| Friday, 20th June 2025, 7:05 am

അവൻ ഭാവിയിൽ മികച്ച താരമാകും; ഇന്ത്യൻ യുവതാരത്തിനെ പ്രശംസിച്ച് ആൻഡേഴ്സൺ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തിരശീലയുയരും. ഒന്നാം ടെസ്റ്റിന് ലീഡ്‌സിലെ ഹെഡിങ്‌ലീ സ്റ്റേഡിയമാണ് വേദിയാവുന്നത്. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ളത്. 18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം.

സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക. ക്യാപ്റ്റൻസി റോളുകളിലും ഇന്ത്യൻ കുപ്പായത്തിൽ എത്തുന്നത് താരതമ്യേന ഒരു പുതുനിര തന്നെയാണ്.

ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല, വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

ഇപ്പോൾ സ്‌ക്വാഡിൽ ഇടം പിടിച്ച ഇന്ത്യൻ താരം യശസ്വി ജെയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ബൗളിങ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ. ജെയ്സ്വാൾ തന്നെ വളരെയധികം ഇമ്പ്രെസ്സ് ചെയ്തുവെന്നും കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ അവൻ പക്വതയോടെയാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ധാരാളം ഓപ്ഷനുകളുണ്ടായിട്ടും ബുദ്ധിപൂർവം ഷോട്ടുകൾ കളിച്ച് അവൻ തന്റെ ഇന്നിങ്‌സ് കെട്ടിപടുത്തുവെന്നും ഭാവിയിൽ ഇന്ത്യയുടെ മികച്ച താരമാകുമെന്നും ഇംഗ്ലണ്ട് പേസർ കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ജെയിംസ് ആൻഡേഴ്സൺ.

‘ജെയ്സ്വാൾ എന്നെ വളരെയധികം ഇമ്പ്രെസ്സ് ചെയ്തു. കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ അവൻ പക്വതയോടെയാണ് കളിച്ചത്. അവന് കളിക്കാൻ ധാരാളം ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ അവന് ഷോട്ടുകൾ ബുദ്ധിപൂർവം തെരഞ്ഞെടുത്തു. തന്റെ ഇന്നിങ്‌സ് മനോഹരമായി കളിച്ചു. അവൻ ഭാവിയിൽ ഇന്ത്യയുടെ മികച്ച താരമായി മാറുമെന്നാണ് എനിക്ക് തോന്നുന്നത്,’ ആൻഡേഴ്സൺ പറഞ്ഞു.

ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.

Content Highlight: Ind vs Eng: James Anderson talks about Yashasvi Jaiswal

We use cookies to give you the best possible experience. Learn more