ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തിരശീലയുയരും. ഒന്നാം ടെസ്റ്റിന് ലീഡ്‌സിലെ ഹെഡിങ്‌ലീ സ്റ്റേഡിയമാണ് വേദിയാവുന്നത്. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ളത്. 18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം.
സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക. ക്യാപ്റ്റൻസി റോളുകളിലും ഇന്ത്യൻ കുപ്പായത്തിൽ എത്തുന്നത് താരതമ്യേന ഒരു പുതുനിര തന്നെയാണ്.
ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല, വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.
ഇപ്പോൾ സ്‌ക്വാഡിൽ ഇടം പിടിച്ച ഇന്ത്യൻ താരം യശസ്വി ജെയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ബൗളിങ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ. ജെയ്സ്വാൾ തന്നെ വളരെയധികം ഇമ്പ്രെസ്സ് ചെയ്തുവെന്നും കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ അവൻ പക്വതയോടെയാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ധാരാളം ഓപ്ഷനുകളുണ്ടായിട്ടും ബുദ്ധിപൂർവം ഷോട്ടുകൾ കളിച്ച് അവൻ തന്റെ ഇന്നിങ്‌സ് കെട്ടിപടുത്തുവെന്നും ഭാവിയിൽ ഇന്ത്യയുടെ മികച്ച താരമാകുമെന്നും ഇംഗ്ലണ്ട് പേസർ കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ജെയിംസ് ആൻഡേഴ്സൺ.
‘ജെയ്സ്വാൾ എന്നെ വളരെയധികം ഇമ്പ്രെസ്സ് ചെയ്തു. കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ അവൻ പക്വതയോടെയാണ് കളിച്ചത്. അവന് കളിക്കാൻ ധാരാളം ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ അവന് ഷോട്ടുകൾ ബുദ്ധിപൂർവം തെരഞ്ഞെടുത്തു. തന്റെ ഇന്നിങ്‌സ് മനോഹരമായി കളിച്ചു. അവൻ ഭാവിയിൽ ഇന്ത്യയുടെ മികച്ച താരമായി മാറുമെന്നാണ് എനിക്ക് തോന്നുന്നത്,’ ആൻഡേഴ്സൺ പറഞ്ഞു.