ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ഇന്ത്യയ്ക്ക് സാധിക്കൂ. സാഹചര്യത്തിലാണ് പത്താന്‍ ഇന്ത്യന്‍ നിരയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിച്ചത്.
അഞ്ചാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കളത്തിലിറക്കണമെന്നാണ് പത്താന്‍ അഭിപ്രായപ്പെട്ടത്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കുമെന്ന തീരുമാനത്തെയും പത്താന്‍ വിമര്‍ശിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍.
‘ഇത് അഞ്ചാം ടെസ്റ്റാണ്, രണ്ട് ടീമിലെയും ബൗളര്‍മാര്‍ ഇതിനോടകം ക്ഷീണിച്ചുവെന്നതിനാല്‍ ഇന്ത്യ തന്ത്രപൂര്‍വമായിരിക്കണം ടീം തെരഞ്ഞെടുക്കേണ്ടത്. കളിക്കുമ്പോള്‍ ക്ഷീണിക്കുമെന്നുറപ്പാണ്. ഇക്കാരണം കൊണ്ടുകൂടിയാണ് ബുംറ കളിക്കാത്തത്, ഒരുപക്ഷേ അത് പരിക്ക് കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആയിരിക്കാം.
ജസ്പ്രീത് ബുംറ
എന്നിരുന്നാലും ഈ തീരുമാനത്തോട് ഞാന്‍ യോജിക്കുന്നില്ല. നിങ്ങള്‍ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എല്ലാ മത്സരവും കളിക്കാന്‍ തയ്യാറായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്.
കുല്‍ദീപ് യാദവിനെ ടീമിലുള്‍പ്പെടുത്താന്‍ അവര്‍ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഇത് തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണ്. മറ്റ് ബൗളര്‍മാരെല്ലാം ക്ഷീണിച്ച് അവശരായി. സിറാജ് തളര്‍ന്നു, ബുംറയ്ക്കാകട്ടെ പരിക്കുകളെ സംബന്ധിച്ചുള്ള കാര്യങ്ങളും.
ഇന്ത്യയ്ക്ക് ആവശ്യമുള്ളത് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്ന ഒരു ബൗളറെയാണ്. കുല്‍ദീപ് തീര്‍ച്ചയായും വിക്കറ്റ് വീഴ്ത്തുമെന്നൊന്നും ഞാന്‍ വാദിക്കുന്നില്ല. അക്കാര്യത്തില്‍ ഒരു ഉറപ്പും പറയാന്‍ സാധിക്കില്ല.
കുല്‍ദീപ് യാദവ്
എന്നിരുന്നാലും അവസാന മത്സരം ഓവലിലാണ് എന്ന കാര്യം പരിശോധിക്കണം. അവിടെ സ്പിന്നര്‍മാര്‍ക്ക് മേല്‍ക്കൈ ഉണ്ട്, ഇതെല്ലാം പരിഗണിച്ച് ഇന്ത്യ അവനെ കളിപ്പിക്കുമോ? അവനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയുടെ പക്കല്‍ ഏതെങ്കിലും കോമ്പിനേഷനുകള്‍ ഉണ്ടാകുമോ?’ പത്താന്‍ ചോദിച്ചു.
ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.
നിലവില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് പരമ്പര പരാജയപ്പെടാതിരിക്കാന്‍ ഓവലില്‍ വിജയം അനിവാര്യമാണ്. അഞ്ചാം മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാം. അതേസമയം, ആതിഥേയരായ ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ അഞ്ചാം മത്സരത്തില്‍ പരാജയമൊഴിവാക്കിയാല്‍ മാത്രം മതിയാകും.
Content Highlight: IND vs ENG: Irfan Pathan about 5th Test and Kuldeep Yadav