ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ 3-0ന് പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയത്.
നേരത്തെ നടന്ന ടി-20 പരമ്പരയില്‍ 4-1ന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയിലും വിജയം സ്വന്തമാക്കിയ ആതിഥേയര്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ അവശ്യമായ മൊമെന്റവും നേടിയിരിക്കുകകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും വിപരീതമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സ് സ്വന്തമാക്കി.
ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാഖിബ് മഹ്‌മൂദ്, ഗസ് ആറ്റ്കിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ ഇന്ത്യന്‍ താരങ്ങളെയും പവലിയനിലേക്ക് മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും സ്‌കോറിങ്ങിന് അടിത്തറയിട്ടു.
ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ ഡക്കറ്റിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് വിക്കറ്റ് വേട്ട ആരംഭിച്ചു. അധികം വൈകാതെ ഫില്‍ സാള്‍ട്ടിനെയും അര്‍ഷ്ദീപ് പുറത്താക്കി.
മൂന്നാം വിക്കറ്റില്‍ ടോം ബാന്റണും ജോ റൂട്ടും ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.
ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും നേടി.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്നത്. ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനവും രോഹിത്തും വിരാടും ഫോമിലേക്ക് മടങ്ങിയെത്തിയതും ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു.
Content Highlight: IND vs ENG: India won the 3rd match and won the series