ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടന്നു.
ജൂണ്‍ രണ്ടിനാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.
ഈ മത്സരത്തിനിറങ്ങുമ്പോള്‍ കയ്പ്പും മധുരവും നിറഞ്ഞ പല ഓര്‍മകളും ഇന്ത്യന്‍ ആരാധകരുടെ മനസിലേക്ക് ഓടിയെത്തും. ഇതില്‍ മധുരമേറിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ്. ഒരു ഓവറില്‍ 35 റണ്‍സ് നേടി ചരിത്രമെഴുതിയത് ഇന്ത്യ ഇതിന് മുമ്പ് എഡ്ജ്ബാസ്റ്റണിലെത്തിയപ്പോഴാണ്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ എന്ന അനാവശ്യ നേട്ടം ഇതിഹാസ താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്താണ് ബുംറ ടെസ്റ്റില്‍ ടി-20 കളിച്ചത്.
ഇന്ത്യ 377/ 9 എന്ന നിലയില്‍ നില്‍ക്കവെയായിരുന്നു ബ്രോഡ് തന്റെ 18ാം ഓവര്‍ എറിയാനെത്തിയത്. പിന്നെ നടന്നത് ചരിത്രം! ബ്രോഡിന്റെ ഓവറില്‍ ബുംറ 29 റണ്‍സ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ ആറ് റണ്‍സ് എക്സ്ട്രാ എന്ന നിലയിലും ഇന്ത്യന്‍ ടോട്ടലില്‍ കയറി.
രണ്ടാം പന്ത് : വൈഡ്, കീപ്പറിന്റെ കൈകളില്‍ പെടാതെ പന്ത് ബൗണ്ടറിയിലേക്ക്, അങ്ങനെ രണ്ടാം പന്തില്‍ പിറന്നത് അഞ്ച് റണ്‍സ്
മൂന്നാം പന്ത്: സിക്‌സ് ഒപ്പം ഓവര്‍ സ്റ്റെപ്പിങ് നോ ബോളും, അതോടെ മൂന്നാം പന്തില്‍ ഇന്ത്യ നേടിയത് ഏഴ് റണ്‍സ്
നാലാം പന്ത് : ഫോര്‍
അഞ്ചാം പന്ത് : ഫോര്‍
ആറാം പന്ത് : ഫോര്‍
ഏഴാം പന്ത് : സിക്‌സര്‍
എട്ടാം പന്ത് : സിംഗിള്‍
ബുംറ ടെസ്റ്റ് ക്യാപ്റ്റന്റെ റോളിലെത്തിയ ആദ്യ മത്സരം കൂടിയായിരുന്നു അത്.
എന്നാല്‍ ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാമെന്നിരിക്കെയാണ് ഇംഗ്ലണ്ട് തകര്‍ത്തടിച്ച് വിജയം സ്വന്തമാക്കിയത്.
ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സെഞ്ച്വറിയുമായി അഴിഞ്ഞാടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ ഇംഗ്ലണ്ടിലെ പരമ്പര വിജയം എന്ന നേട്ടവും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
സ്‌കോര്‍
ഇന്ത്യ : 416 & 245
ഇംഗ്ലണ്ട് : 284 & 378/3
അതേസമയം, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. താരത്തിന്റെ വര്‍ക്ക്‌ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.