ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഫെബ്രുവരി ആറിന് ആരംഭിക്കുകയാണ് ഞായറാഴ്ച അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര 4-1ന് വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും മികച്ച വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏകദിന മത്സരങ്ങളായതിനാല്‍ തന്നെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ പരമ്പരയ്ക്കായി കാത്തിരിക്കുന്നത്.
നേരത്തെ നടന്ന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സ്‌ക്വാഡാണ് ഏകദിന പരമ്പരക്കായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ ടീം തന്നെയാണ് കളത്തിലിറങ്ങുക*.
ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ്, ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരൊന്നും തന്നെ ഏകദിന പരമ്പരയുടെ ഭാഗമല്ല.
കുറച്ചുകാലമായി ഫോം ഔട്ടിന്റെ പിടിയിലായ രോഹിത് ശര്‍മയാണ് ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും സ്‌ക്വാഡിന്റെ ഭാഗമാണ്. ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ തുടങ്ങി പലരും ടീമിലേക്ക് മടങ്ങിയെത്തി.
ടി-20 പരമ്പരയില്‍ നിന്നും ഏകദിന പരമ്പരയിലേക്കെത്തിയപ്പോള്‍ സ്‌ക്വാഡിലുണ്ടായ മാറ്റങ്ങള്‍ പരിശോധിക്കാം.
പുറത്തേക്ക്: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, രമണ്‍ദീപ് സിങ്, റിങ്കു സിങ്, ധ്രുവ് ജുറെല്‍ എന്നീ പത്ത് താരങ്ങളാണ് ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പോയത്.
സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പരമ്പരയിലെ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നു. ജുറെലും ദുബെയും രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ റിങ്കു സിങ്ങിന് മൂന്ന് മത്സരത്തിലും അവസരം ലഭിച്ചു. രമണ്‍ദീപ് സിങ്ങിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.
രണ്ട് പരമ്പരയിലും കളിക്കുന്നവര്‍: മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് ടി-20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും കളിക്കാന്‍ തയ്യാറെടുക്കുന്നത്.
*പരിക്കേറ്റ ജസ്പ്രീത് ബുംറ ഏകദിന പരമ്പരയുടെ ഭാഗമല്ല. ബുംറക്ക് പകരക്കാരനായാണ് ഹര്‍ഷിത് റാണ ടീമിലെത്തിയത്. ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ബുംറ മടങ്ങിയെത്തുകയും ചെയ്യുന്നുണ്ട്.