പാകിസ്ഥാനും താഴെ വെറും 15 ശതമാനം മാത്രം! ക്രിക്കറ്റിന്റെ മക്ക കീഴടക്കണം, എന്നാല്‍ എളുപ്പമല്ല
Sports News
പാകിസ്ഥാനും താഴെ വെറും 15 ശതമാനം മാത്രം! ക്രിക്കറ്റിന്റെ മക്ക കീഴടക്കണം, എന്നാല്‍ എളുപ്പമല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th July 2025, 3:02 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും. പരമ്പരിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ അഭിമാനസ്തംഭങ്ങളിലൊന്നാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് വലിയ നേട്ടമായാണ് എല്ലാവരും കണക്കാക്കുന്നത്. എന്നാല്‍ വിജയമധുരം വളരെ കുറച്ച് തവണ മാത്രമേ ഇന്ത്യയ്ക്ക് നുകരാന്‍ സാധിച്ചിട്ടുള്ളൂ.

 

ലോര്‍ഡ്‌സില്‍ ഇത് 20ാം മത്സരത്തിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച 19 മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചത് വെറും മൂന്ന് തവണ മാത്രം. 1986ല്‍ കപില്‍ ദേവിന് കീഴിലും 2014ല്‍ എം.എസ്. ധോണിക്ക് കീഴിലും 2021ല്‍ വിരാട് കോഹ്‌ലിക്കൊപ്പവും ഇന്ത്യ ലോര്‍ഡ്‌സ് കീഴടക്കി.

ലോര്‍ഡ്‌സില്‍ ആതിഥേയര്‍ക്കെതിരെ ഏറ്റവും കുറവ് വിജയശതമാനുള്ള രണ്ടാമത് ടീമാണ് ഇന്ത്യ. ക്രിക്കറ്റിന്റെ മക്കയില്‍ വെറും 15.70 ശതമാനമാണ് ഇന്ത്യയുടെ സക്‌സസ് റേറ്റ്.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഓരോ ടീമുകളുടെയും പ്രകടനം

(ടീം – മത്സരം – വിജയം – തോല്‍വി – സമനില – വിജയശതമാനം എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – 38 – 16 – 7 – 15 – 42.10%

സൗത്ത് ആഫ്രിക്ക – 17 – 6 – 7 – 4 – 35.20%

പാകിസ്ഥാന്‍ – 15 – 5 – 4 – 6 – 33.30%

വെസ്റ്റ് ഇന്‍ഡീസ് – 22 – 4 – 11 – 7 – 18.70%

ഇന്ത്യ – 19 – 3 – 12 – 4 – 15.70%

ന്യൂസിലാന്‍ഡ് – 19 – 1 – 9 – 9 – 5.20%

ലോര്‍ഡ്‌സ്

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് പരമ്പരയില്‍ ലീഡ് നേടുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. ബാറ്റിങ് യൂണിറ്റിനെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മുമ്പില്‍ നിന്നും നയിക്കുമ്പോള്‍ ബൗളിങ്ങിന്റെ നെടുനായകത്വമേറ്റെടുക്കാന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തുകയാണ്.

യശസ്വി ജെയ്‌സ്വാളും റിഷബ് പന്തും കെ.എല്‍. രാഹുലും അടങ്ങുന്ന ബാറ്റിങ് നിരയും മുഹമ്മദ് സിറാജും ആകാശ് ദീപും അണിനിരക്കുന്ന ബൗളിങ് നിരയും സുസജ്ജമാണ്. ഒപ്പം സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫോമിലേക്ക് മടങ്ങിയെത്തിയതും സന്ദര്‍ശകരെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയുള്ള കാര്യങ്ങളാണ്.

 

Content Highlight: IND vs ENG: India only won 3 matches at Lords