ജയമില്ലാതെ ഏറ്റവുമധികം മത്സരം! നാണക്കേട് മറികടക്കാന്‍ ഇന്ത്യ
Sports News
ജയമില്ലാതെ ഏറ്റവുമധികം മത്സരം! നാണക്കേട് മറികടക്കാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd July 2025, 4:05 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ ടോസ് വിജയിച്ച് ഇംഗ്ലണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. മൂന്നാം മത്സരത്തില്‍ കണ്‍മുമ്പില്‍ കണ്ട ജയം കൈവിട്ടുകളഞ്ഞാണ് ഇന്ത്യ മാഞ്ചസ്റ്ററിലേക്കിറങ്ങിയിരിക്കുന്നത്.

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും വിജയിക്കാന്‍ സാധിക്കാത്ത ഓള്‍ഡ് ട്രാഫോര്‍ഡ് എന്ന രാവണന്‍ കോട്ടയിലാണ് ഇന്ത്യ പരമ്പരയിലെ ഏറ്റവും നിര്‍ണായകമായ മത്സരം കളിക്കുന്നത്.

ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ മാഞ്ചസ്റ്ററില്‍ ലക്ഷ്യമിടുന്നില്ല. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സാധിക്കാതെ വരും. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനിറങ്ങുന്നത്.

ജയമില്ലാതെ ഇന്ത്യ ഏറ്റവുമധികം മത്സരം കളിച്ച വേദിയാണ് മാഞ്ചസ്റ്റര്‍. 1936 മുതല്‍ ഇവിടെ ആകെ കളിച്ചത് ഒമ്പത് മത്സരം. നാലിലും തോറ്റു. ഒടുവില്‍ കളിച്ച 2014ലെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നത് ഇന്നിങ്‌സിനും 54 റണ്‍സിനും. ശേഷിച്ച അഞ്ച് മത്സരം സമനിലയില്‍.

ജയമില്ലാതെ ഇന്ത്യ ഏറ്റവുമധികം മത്സരം കളിച്ച വേദികള്‍

(വേദി – രാജ്യം – ആകെ കളിച്ച മത്സരം – തോല്‍വി – സമനില എന്നീ ക്രമത്തില്‍)

ബ്രിഡ്ജ്ടൗണ്‍ – ബാര്‍ബഡോസ് (വെസ്റ്റ് ഇന്‍ഡീസ്) – 9 – 7 – 2

ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍ – ഇംഗ്ലണ്ട് – 9 – 4 – 5

ഗദ്ദാഫി സ്റ്റേഡിയം, ലാഹോര്‍ – പാകിസ്ഥാന്‍ – 7 – 2 – 5

ജോര്‍ജ്ടൗണ്‍ – ഗയാന (വെസ്റ്റ് ഇന്‍ഡീസ്) – 6 – 0 – 6

നാഷണല്‍ സ്‌റ്റേഡിയം, കറാച്ചി – പാകിസ്ഥാന്‍ – 6 – 3 – 3

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ പ്രകടനം

(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)

1936 – സമനില

1947 – സമനില

1952 – തോല്‍വി – ഇന്നിങ്‌സിനും 207 റണ്‍സിനും

1959 – തോല്‍വി – 171 റണ്‍സ്

1971 – സമനില

1974 തോല്‍വി – 113 റണ്‍സ്

1982 – സമനില

1990 – സമനില

2014 – തോല്‍വി – ഇന്നിങ്‌സിനും 54 റണ്‍സിനും

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 എന്ന നിലയിലാണ്. 16 പന്തില്‍ അഞ്ച് റണ്‍സുമായി കെ.എല്‍. രാഹുലും 14 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ലിയാം ഡോവ്‌സണ്‍, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍.

 

Content Highlight: IND vs ENG: India never won a match in Old Trafford Stadium, Manchester