ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടന്നു.
സ്‌കോര്‍
ഇന്ത്യ: 471 & 364
ഇംഗ്ലണ്ട്: 465 & 373/5 (T:371)
ജൂലൈ രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് എഡ്ജ്ബാസ്റ്റണ്‍ തീര്‍ത്തും ബാലികേറാമലയാണ്. ഇവിടെ കളിച്ച ഒറ്റ മത്സരത്തില്‍പ്പോലും ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല.
എട്ട് തവണയാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കളത്തിലിറങ്ങിയത്. ഏഴ് തവണയും പരാജയപ്പെട്ടു, ഇതില്‍ മൂന്നും ഇന്നിങ്‌സ് തോല്‍വികള്‍. 1986ല്‍ സമനില നേടിയതാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ പ്രകടനങ്ങള്‍
വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍
1967 – പരാജയം – 132 റണ്‍സ്
1974 – പരാജയം – ഇന്നിങ്‌സിനും 78 റസിനും
1979 – പരാജയം – ഇന്നിങ്‌സിനും 83 റണ്‍സിനും
1986 – സമനില
1996 – പരാജയം – എട്ട് വിക്കറ്റ്
2011 – പരാജയം – ഇന്നിങ്‌സിനും 242 റണ്‍സിനും
2018 – പരാജയം – 31 റണ്‍സ്
2022 – പരാജയം – ഏഴ് വിക്കറ്റ്
ഒടുവില്‍ നടന്ന മത്സരം ജസ്പ്രീത് ബുംറയുടെ വെടിക്കെട്ടിന്റെ പേരിലാണ് ഓര്‍മിക്കപ്പെടുന്നത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സ് ചേര്‍ത്തുവെച്ച് ടെസ്റ്റ് ഫോര്‍മാറ്റിന്റെ ചരിത്രം കൂടിയാണ് ആ മത്സരത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ ബുംറ തിരുത്തിയത്.
ഇന്ത്യ 377/ 9 എന്ന നിലയില്‍ നില്‍ക്കവെയായിരുന്നു ബ്രോഡ് തന്റെ 18ാം ഓവര്‍ എറിയാനെത്തിയത്. പിന്നെ നടന്നത് ചരിത്രം! ബ്രോഡിന്റെ ഓവറില്‍ ബുംറ 29 റണ്‍സ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ ആറ് റണ്‍സ് എക്‌സ്ട്രാ എന്ന നിലയിലും ഇന്ത്യന്‍ ടോട്ടലില്‍ കയറി.
എന്നാല്‍ ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാമെന്നിരിക്കെയാണ് ഇംഗ്ലണ്ട് തകര്‍ത്തടിച്ച് വിജയം സ്വന്തമാക്കിയത്.
ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സെഞ്ച്വറിയുമായി അഴിഞ്ഞാടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ ഇംഗ്ലണ്ടിലെ പരമ്പര വിജയം എന്ന നേട്ടവും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
സ്‌കോര്‍
ഇന്ത്യ : 416 & 245
ഇംഗ്ലണ്ട് : 284 & 378/3
Content Highlight: IND vs ENG: India never won a match in Edgbaston