ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ലണ്ടനിലെ ഓവലില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 367ന് പുറത്തായി.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് ഇന്ത്യ സമനിലയില്‍ അവസാനിപ്പിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തന്നെ കാര്യമായ ചലനങ്ങളുണ്ടാക്കാതെ മടങ്ങിയപ്പോള്‍ കരുണ്‍ നായര്‍ ചെറുത്തുനിന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ആദ്യ ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായിരുന്നു. 109 പന്ത് നേരിട്ട് 57 റണ്‍സ് നേടിയ കരുണ്‍ നായരാണ് ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഷ് ടംഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിന്റെ രണ്ടാം ദിനം തന്നെ തങ്ങളുടെ ഒന്നാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനെ സന്ദര്‍ശകര്‍ മടക്കി. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും ബൗളിങ് യൂണിറ്റിന്റെ പ്രകടനം ഇന്ത്യയ്ക്ക് തുണയായി. നാല് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
സാക്ക് ക്രോളി (57 പന്തില്‍ 64), ഹാരി ബ്രൂക്ക് (64 പന്തില്‍ 53), ബെന്‍ ഡക്കറ്റ് (38 പന്തില്‍ 43) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ചു. യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയും ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ജെയ്‌സ്വാള്‍ 164 പന്ത് നേരിട്ട് 118 റണ്‍സുമായി തിളങ്ങി. ആകാശ് ദീപ് 66 റണ്‍സ് നേടിയപ്പോള്‍ സുന്ദറും ജഡജേയും 53 റണ്‍സ് വീതവും സ്വന്തമാക്കി.
Innings Break!
A solid show with the bat from #TeamIndia to post 396 on the board & lead England 373 runs! 💪
1⃣1⃣8⃣ for Yashasvi Jaiswal
6⃣6⃣ for Akash Deep
5⃣3⃣ each for Ravindra Jadeja & Washington Sundar
രണ്ടാം ഇന്നിങ്‌സില്‍ 396 റണ്‍സ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിന് മുമ്പില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യവും കുറിച്ചു.
തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ആകാശ് ദീപ് സ്വന്തമാക്കിയത്. നേടിയ റണ്‍സിനേക്കാള്‍ കളത്തിലിറങ്ങി വിക്കറ്റ് വീഴാതെയുള്ള താരത്തിന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ടംഗ് ഇംഗ്ലണ്ടിനായി ഫൈഫര്‍ പൂര്‍ത്തിയാക്കി. ഗസ് ആറ്റ്കിന്‍സണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഓവലിലെ വിജയവും പരമ്പരയും ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ജോ റൂട്ടും ഹാരി ബ്രൂക്കും ഇന്നിങ്‌സ് കെട്ടിയുയര്‍ത്തി. ഇരുവരും സെഞ്ച്വറി നേടി. ബ്രൂക്ക് 98 പന്തില്‍ 11 റണ്‍സും റൂട്ട് 152 പന്തില്‍ 105 റണ്‍സും അടിച്ചെടുത്തു.
Every boundary from Brook & Root’s incredible partnership 🤝
മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 35 റണ്‍സ് മാത്രം മതിയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതാകട്ടെ നാല് വിക്കറ്റും.
അഞ്ചാം ദിവസം ആരംഭിച്ചത് തന്നെ സിറാജിന്റെ വേട്ടയിലൂടെയാണ്. ജെയ്മി ഓവര്‍ട്ടണെയും ജെയ്മി സ്മിത്തിനെയും മടക്കിയ സിറാജ് ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. ജോഷ് ടംഗിനെ പ്രസിദ്ധും മടക്കിയതോടെ ഇന്ത്യ വിജയം മണത്തുതുടങ്ങി.
പരിക്കേറ്റ തോളുമായി ക്രിസ് വോക്‌സ് ക്രീസിലെത്തിയതോടെ മത്സരം മറ്റൊരു തലത്തിലേക്ക് കടന്നു. വോക്‌സിനെ പരമാവധി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ തന്നെ നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ചെറുത്തുനിന്നു. എന്നാല്‍ 86ാം ഓവറിലെ ആദ്യ പന്തില്‍ ആറ്റ്കിന്‍സണെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ഓവലില്‍ വിജയവും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ സിറാജ് ഫൈഫര്‍ പൂര്‍ത്തിയാക്കി. പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: IND vs ENG: India defeated England on 5th Test