ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 336 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനോടൊപ്പമെത്തി.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടിൽ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു മത്സരം സമനിലയിലും അവസാനിച്ചു. ഇതായിരുന്നു ഇന്ത്യയുടെ ഈ വേദിയിലെ നേട്ടം.
ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
മത്സരത്തിൽ ആകാശ് ദീപ് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് നേടിയത്. കൂടാതെ, ഒന്നാം ഇന്നിങ്സിൽ താരം നാല് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഒപ്പം മുഹമ്മദ് സിറാജ് ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ ഒരാളെ മാത്രമേ വീഴ്ത്താനായുള്ളൂ.
ഇപ്പോൾ ഇരുവരെയും പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഷ ഭോഗ്ലെ. ബുംറയുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയ്ക്ക് സിറാജും ആകാശുമുണ്ടായിരുന്നുവെന്നും ബുംറയുടെ അഭാവത്തെ കുറിച്ച് ഇത്രത്തോളം ചർച്ച ചെയ്യേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവ ഇന്ത്യ പക്വത ആർജിച്ചിട്ടുണ്ടെന്നും എഡ്ജ്ബാസ്റ്റൺ കീഴടക്കിയതിൽ ഇന്ത്യൻ ഡ്രസിങ് റൂം വളരെ സന്തോഷത്തിലാകും ഭോഗ്ലെ കൂട്ടിച്ചേർത്തു.
‘ബുംറയുണ്ടായിരുന്നില്ല, പക്ഷെ നമുക്ക് സിറാജും ആകാശുമുണ്ടായിരുന്നു. ബുംറയില്ലാത്തതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടന്നു. അത് അത്രത്തോളം പോകേണ്ടതില്ലായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. യുവ ഇന്ത്യ പക്വത ആർജിച്ചിട്ടുണ്ട്. ഈ രണ്ട് ബൗളർമാർ കൂടി 17 വിക്കറ്റുകളാണ് വീഴ്ത്തിയത്.
എഡ്ജ്ബാസ്റ്റൺ കീഴടക്കിയതിൽ ഇന്ത്യൻ ഡ്രസിങ് റൂം വളരെ സന്തോഷത്തിലാകും. ശുഭ്മൻ ഗിൽ 430 റൺസെടുത്തു. സിറാജ് ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റെടുത്തപ്പോൾ ബിഹാറിൽ നിന്നുള്ള യുവതാരം 10 വിക്കറ്റുകളാണ് നേടിയത്,’ ഭോഗ്ലെ പറഞ്ഞു.
Content Highlight: Ind vs Eng: Harsha Bhogle praise Mohammed Siraj and Akash Deep