ഐ.പി.എല്‍ മാമാങ്കം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതോടെ യുവനിരയിലാണ് ഇംഗ്ലണ്ടിൽ ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങുക. അവരുടെ വിടവ് നികത്താൻ കഴിയുന്ന ഒരു താരമാണ് ശ്രേയസ് അയ്യർ എന്ന് നിരീക്ഷണങ്ങളുണ്ട്. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിട്ടില്ല.
ഇപ്പോൾ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ശ്രേയസ് അയ്യർ ഒരു മികച്ച കളിക്കാരനാണെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ അദ്ദേഹം ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ സെലക്ഷൻ പാനലിന്റെ ഭാഗമായിരുന്നെങ്കിൽ, ശ്രേയസിനെ പരിഗണിക്കുമായിരുന്നുവെന്നും ഒരു പരമ്പര നഷ്ടപ്പെട്ടാൽ തിരിച്ചുവരവിന് സാധ്യതയില്ലെന്ന് അത് അർത്ഥമാക്കുന്നി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എ.എൻ.എസിൽ സംസാരിക്കുകയായിരുന്നു ഹർഭജൻ സിങ്.
‘ശ്രേയസ് അയ്യർ ഒരു മികച്ച കളിക്കാരനാണ്. ഏകദിന മത്സരങ്ങളിൽ അവൻ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഐ.പി.എൽ എന്നിവയിലൊക്കെ അയ്യർ സ്ഥിരത പുലർത്തിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ അവൻ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ സെലക്ടർമാർക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.
ഞാൻ സെലക്ഷൻ പാനലിന്റെ ഭാഗമായിരുന്നെങ്കിൽ, ശ്രേയസിനെ പരിഗണിക്കുമായിരുന്നു. പക്ഷേ അവന്റെ ടെസ്റ്റ് കരിയർ അവസാനിച്ചിട്ടില്ല. ഒരു പരമ്പര നഷ്ടപ്പെട്ടാൽ തിരിച്ചുവരവിന് സാധ്യതയില്ലെന്ന് അത് അർത്ഥമാക്കുന്നില്ല. അമ്പത് ഓവർ ഫോർമാറ്റിൽ ചിലപ്പോൾ അവൻ ക്യാപ്റ്റനായേക്കാം,’ ഹർഭജൻ പറഞ്ഞു.