സിറാജ് ഞങ്ങളുടെ റൊണാള്‍ഡോ: ഹര്‍ഭജന്‍ സിങ്
Sports News
സിറാജ് ഞങ്ങളുടെ റൊണാള്‍ഡോ: ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th August 2025, 8:52 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമാപിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര 2 – 2 എന്ന നിലയില്‍ പിരിഞ്ഞത്. തോല്‍വി മുമ്പില്‍ കണ്ടതിന് ശേഷം ഇന്ത്യ തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തിയാണ് ഓവലില്‍ വിജയം സ്വന്തമാക്കിയത്.

അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ വിജയം ആറ് റണ്‍സിനായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 367 റണ്‍സിന് പുറത്താവുകയായിരുന്നു. ആവേശവും നെഞ്ചിടിപ്പും ഒരു പോലെ ഉയര്‍ത്തിയ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായത് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ്.

മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ഇന്ത്യയുടെ നെടും തൂണായത്. ഒന്നാം ഇന്നിങ്‌സില്‍ നാലും അവസാന ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയായിരുന്നു താരത്തിന്റെ പ്രകടനം. ഇംഗ്ലണ്ടിന്റെ അവസാന ബാറ്ററെയും പുറത്താക്കി ഇന്ത്യക്ക് വിജയം ഉറപ്പിച്ചതും സിറാജ് തന്നെയായിരുന്നു. മിന്നും പ്രകടനത്തോടെ ഫാസ്റ്റ് ബൗളര്‍ പ്ലെയർ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.

ഇപ്പോള്‍ മത്സരത്തിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇംഗ്ലണ്ട് ജയിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ സിറാജും പ്രസിദ്ധ് കൃഷ്ണയും കളി മാറ്റിമറിച്ചു.

സിറാജ് ഞങ്ങളുടെ റൊണാള്‍ഡോയാണെന്നും പരമ്പരയിലുടനീളം താരം മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തിലെ അവസാന വിക്കറ്റ് നേടിയതിന് ശേഷം സിറാജ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ അനുകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പ്രശംസ.

‘സിറാജ് ആ ക്യാച്ച് കൈവിട്ടപ്പോള്‍, മത്സരം അവസാനിച്ചുവെന്ന് എല്ലാവരും കരുതി. പക്ഷേ ചെയ്യേണ്ട കാര്യങ്ങളില്‍ അവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, ആ ക്യാച്ചിന് അവന്‍ പൂര്‍ണമായും പ്രായശ്ചിത്തം ചെയ്തു. ഇംഗ്ലണ്ടില്‍ നിന്ന് സിറാജ് ഒരു ഹീറോ ആയാണ് തിരിച്ചുവരുന്നത്,’ ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് വളരെ പ്രാധാന്യമുള്ളതാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായിട്ടേയുള്ളൂവെന്നും താരത്തിന്റെ യുവടീമിന് സമയം നല്‍കണമെന്നും മുന്‍ സ്പിന്നര്‍ അഭിപ്രായപ്പെട്ടു. ഏതൊരു ടീമിന്റെയും കാതല്‍ കാലത്തിനനുസരിച്ച് മാറും. ഗില്‍ ടീമിനെ നയിച്ച രീതി തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ind vs Eng: Harbajan Singh says Muhammed Siraj is our Ronaldo