ഫീൽഡിങ് പിഴവുകളല്ല, ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമിത്; വെളിപ്പെടുത്തി ഗ്രെഗ് ചാപ്പൽ
Sports News
ഫീൽഡിങ് പിഴവുകളല്ല, ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമിത്; വെളിപ്പെടുത്തി ഗ്രെഗ് ചാപ്പൽ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 7:07 pm

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

ആദ്യം മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യ ആതിഥേയരോട് പരാജയപ്പെടുകയായിരുന്നു. മോശം ഫീൽഡിങ്ങും ബൗളർമാർ രണ്ടാം ഇന്നിങ്സിൽ ഒരുമിച്ച് നിറം മങ്ങിയതുമായിരുന്നു ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം.

ബൗളിങ്ങിൽ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് ജസ്പ്രീത് ബുംറ മാത്രമായിരുന്നു. മറ്റു ബൗളർമാർക്കൊന്നും താരത്തിന് പിന്തുണ നൽകാനായിരുന്നില്ല. കൂടാതെ, രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യൻ താരങ്ങൾ എട്ട് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ഇവയെല്ലാം ഇന്ത്യയുടെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു.

എന്നാലിപ്പോൾ ഇന്ത്യയുടെ പരാജയത്തിന് കാരണം മറ്റൊന്ന് ആണെന്ന് പറയുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ. ഫീൽഡിങ് വളരെ നിരാശജനകമായിരുന്നുവെന്നും ഇന്ത്യയുടെ മിക്ക പ്രശ്‍നങ്ങളും അവർ സ്വയം വരുത്തിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ബൗളിങ്ങിലെ വൈവിധ്യമില്ലാഴ്മയാണ് പ്രശ്‌നമെന്നും ജസ്പ്രീത് ബുംറ ഒഴികെ എല്ലാ പേസർമാരും ഒരേ വേഗതയിലും ആംഗിളുമാണ് പന്തെറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിലെ കോളത്തിലാണ് ഗ്രെഗ് ചാപ്പൽ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഹെഡിങ്‌ലീയിലെ അവരുടെ ഫീൽഡിങ് വളരെ നിരാശജനകമായിരുന്നു. പക്ഷേ, അതല്ല അവരുടെ തോൽവിയുടെ പ്രധാന കാരണം. ഇന്ത്യയുടെ മിക്ക പ്രശ്‍നങ്ങളും അവർ സ്വയം വരുത്തിവെച്ചതാണ്. ഒരു പക്ഷേ, മത്സരത്തിലെ ഏറ്റവും വലിയ പിഴവ് രണ്ടാം ഇന്നിങ്സിൽ ഹാരി ബ്രൂക്കിന് തുടക്കത്തിലേ ജീവൻ നൽകിയ നോ – ബോളായിരുന്നു.

എന്നാൽ, ഇന്ത്യൻ ബൗളിങ്ങിലെ വൈവിധ്യമില്ലാഴ്മയാണ് എന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ജസ്പ്രീത് ബുംറ ഒഴികെ എല്ലാ പേസർമാരും ഒരു പോലെയാണ് പന്തെറിയുന്നത്. അവർ എല്ലാവരും വലം കൈയ്യമാരും ഒരേ വേഗതയിലും ആംഗിളിലുമാണ് പന്തെറിയുന്നത്.

പുതിയ ബൗളർമാരെത്തുമ്പോൾ ബാറ്റർമാർ പൊരുത്തപ്പെടേണ്ടി വരുന്നതിലാണ് പലപ്പോഴും വിക്കറ്റുകൾ വീഴുന്നത്. നിലവിലെ ടീമിൽ ശുഭ്മൻ ഗില്ലിന് ആ വൈവിധ്യം ലഭ്യമല്ല,’ ചാപ്പൽ പറഞ്ഞു.

Content Highlight: Ind vs Eng: Greg Chappell says that lack variety in bowling is the main reason of India’s defeat against England in first test