ഇന്ത്യയ്ക്ക് വേണ്ടത് ഒരു സന്തുലിത ടീം, ജഡേജയെ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന് പുനപരിശോധിക്കണം; നിർദേശവുമായി മുൻ പരിശീലകൻ
Sports News
ഇന്ത്യയ്ക്ക് വേണ്ടത് ഒരു സന്തുലിത ടീം, ജഡേജയെ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന് പുനപരിശോധിക്കണം; നിർദേശവുമായി മുൻ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 10:45 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.

ഇപ്പോൾ രണ്ടാം മത്സരത്തിന് മുന്നോടിയായി രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന് പുനപരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ താരവും ഇന്ത്യൻ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പൽ. താരത്തിന്റെ ബാറ്റിങ്‌ മികച്ചതാണെങ്കിൽ രണ്ടാം സ്പിന്നറായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് ഈ പരമ്പര ജയിക്കണമെങ്കിൽ, അവർക്ക് കൂടുതൽ സന്തുലിതമായ ഒരു ടീമിനെ വേണമെന്നും വിക്കറ്റുകൾ വീഴ്ത്താൻ ക്യാപ്റ്റന് ഏറ്റവും മികച്ച ബൗളിങ് യൂണിറ്റ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ. ക്രിക് ഇൻഫോയുടെ കോളത്തിലാണ് ഗ്രെഗ് ചാപ്പൽ അഭിപ്രായം പറഞ്ഞത്.

‘ഇംഗ്ലണ്ടിൽ രവീന്ദ്ര ജഡേജ ഒരു പ്രധാന സ്പിന്നറല്ല. അവന്റെ ബാറ്റിങ് ശക്തമാണെങ്കിൽ ടീമിന്റെ ഒരു രണ്ടാം സ്പിന്നറാകാം. അല്ലെങ്കിൽ അവനെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന് പുനപരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് ഈ പരമ്പര ജയിക്കണമെങ്കിൽ, അവർക്ക് കൂടുതൽ സന്തുലിതമായ ഒരു ടീമിനെ ആവശ്യമാണ്. മുൻനിര ബാറ്റർമാർ പരാജയപ്പെടുകയാണെങ്കിൽ ഉപയോഗിക്കാനായി പന്തെറിയാൻ കഴിയുന്ന ഒരു അധിക ബാറ്ററെ അവർ തെരഞ്ഞെടുക്കണമെന്ന് ഞാൻ കരുതുന്നില്ല.

ടോപ് ഓർഡറിലെ ആറ് ബാറ്റർമാർ റൺസ് നേടുന്നവരാണ് എന്ന് ഉറപ്പാക്കണം. അവരിൽ ടീമിന് വിശ്വാസമുണ്ടാകണം. 20 വിക്കറ്റുകളും വീഴ്ത്താൻ ക്യാപ്റ്റന് ഏറ്റവും മികച്ച ബൗളിങ് യൂണിറ്റ് ആവശ്യമാണ്,’ ചാപ്പൽ പറഞ്ഞു.

Content Highlight: Ind vs Eng: Greg Chappell says that India should rethink about the spot of Ravindra Jadeja in the playing eleven against England