അവന്റെ ശൈലി എതിർ ടീമിനെ മുൾമുനയിൽ നിർത്തുന്നു; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗ്രെഗ് ചാപ്പൽ
Sports News
അവന്റെ ശൈലി എതിർ ടീമിനെ മുൾമുനയിൽ നിർത്തുന്നു; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗ്രെഗ് ചാപ്പൽ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 9:50 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ കഴിഞ്ഞ ദിവസം ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

രണ്ട് ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതില്‍ രണ്ട് സെഞ്ച്വറികള്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ പന്ത് 134 (178) റണ്‍സാണ് സ്വന്തമാക്കിയത്. ആറ് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിര്‍ണായകമായ രണ്ടാം ഇന്നിങ്സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും താരത്തിന് സാധിച്ചു.

ഇപ്പോൾ റിഷബ് പന്തിനെ പ്രശംസിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റിങ് ഇതിഹാസം ഗ്രെഗ് ചാപ്പൽ. വളരെ വേഗത്തിൽ സ്കോർ ചെയ്യുന്നുവെന്നതാണ് റിഷബ് പന്തിന്റെ ബാറ്റിങ്ങിന്റെ സൗന്ദര്യമെന്നും അതിശയകരവും അസാധാരണവുമായ ഷോട്ടുകൾ കളിച്ച് അവൻ ബാറ്റിങ്ങിനെ പുനർനിർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താരം ഏത് ഘട്ടത്തിലും ആദ്യ പന്തിൽ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്ന് പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തിന്റെ പ്രവചനാതീതമായ ശൈലി എതിർ ടീമിനെ മുൾമുനയിൽ നിർത്തുന്നുവെന്നും ചാപ്പൽ കൂട്ടിച്ചേർത്തു.

‘റിഷബ് പന്ത് വളരെ വേഗത്തിൽ സ്കോർ ചെയ്യുന്നുവെന്നതാണ് അവന്റെ ബാറ്റിങ്ങിന്റെ സൗന്ദര്യം. അത് ടീമിനെ വേഗത്തിൽ ജയിക്കാൻ സഹായിക്കുന്നു. അവൻ അതിശയകരവും അസാധാരണവുമായ ഷോട്ടുകളാണ് കളിക്കുന്നത്. അവൻ ബാറ്റിങ്ങിനെ പുനർനിർമ്മിക്കുകയാണ്.

ഇപ്പോൾ ക്രിക്കറ്റിൽ മുമ്പ് കളിക്കാൻ സാധിക്കാത്ത ഷോട്ടുകൾ കളിക്കാനാവും. അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ രസകരമാണ്. അവൻ ഏത് ഘട്ടത്തിലും ആദ്യ പന്തിൽ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്ന് പറയാനാവില്ല.

ചിലപ്പോൾ അവൻ മുന്നോട്ട് വന്ന് ഫാസ്റ്റ് ബൗളർമാരെ അടിക്കുകയോ അസാധാരണമായ ഷോട്ടുകൾ കളിക്കുകയോ ചെയ്യും. പന്തിന്റെ പ്രവചനാതീതമായ ശൈലി എതിർ ടീമിനെ മുൾമുനയിൽ നിർത്തുന്നു,’ ചാപ്പൽ പറഞ്ഞു.

Content Highlight: Ind vs Eng: Greg Chappell praises Rishabh Pant