നാല് മത്സരങ്ങൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടും; പ്രവചനവുമായി ഇംഗ്ലണ്ട് ഇതിഹാസം
Sports News
നാല് മത്സരങ്ങൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടും; പ്രവചനവുമായി ഇംഗ്ലണ്ട് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th June 2025, 11:22 am

വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്കായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. നാളെയാണ് (ജൂൺ 20) അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്ക് തിരശീലയുയരുക. 18 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര സ്വന്തമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പരമ്പരയ്ക്കായി നേരത്തെ തന്നെ ബി.സി.സി.ഐ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. അതുകൊണ്ട് തന്നെ താരതമ്യേന പരിചയക്കുറവുള്ള ഒരു ടീമാണ് ഇംഗ്ലണ്ടിന്റെ മണ്ണിൽ അവരെ നേരിടാനൊരുങ്ങുന്നത്. ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയം സ്വാൻ. സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയുമില്ലാത്തതിനാൽ ഈ പരമ്പര ഇംഗ്ലണ്ടിന് ആഷസിന് മുമ്പുള്ള ഒരു സന്നാഹ മത്സരം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

അവർക്ക് പകരക്കാരായി മികച്ച താരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി നന്നായി പന്തെറിയാൻ കഴിയുന്ന ബൗളർമാർ തങ്ങളുടെ ടീമിലുണ്ടെന്നും ഇംഗ്ലണ്ട് ഇതിഹാസം കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ഗ്രെയം സ്വാൻ.

‘സത്യം പറഞ്ഞാൽ, ഇത് ഇംഗ്ലണ്ടിന് ആഷസിന് മുമ്പുള്ള ഒരു സന്നാഹ മത്സരം പോലെയാണ്. ഇന്ത്യയുമായുള്ളത് വലിയൊരു പരമ്പരയാണ്. കഴിഞ്ഞ രണ്ട് മൂന്ന് പ്രാവശ്യം ഇന്ത്യയിൽ പോയപ്പോൾ ഞങ്ങൾക്ക് നന്നായി കളിക്കാനായില്ല. അതുകൊണ്ട് നമ്മുടെ നാട്ടിൽ അവരെ തോൽപ്പിക്കണം.

അവർക്ക് ബാറ്റിങ്ങിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയുമില്ല. എന്നാൽ അവർക്ക് പകരം മികച്ച കളിക്കാരെത്തിയിട്ടുണ്ട്. പക്ഷേ, നമ്മുടെ സാഹചര്യങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ബൗളർമാർ ഇംഗ്ലണ്ടിനുണ്ട്,’ സ്വാൻ പറഞ്ഞു.

പരമ്പരയിലെ വിജയികളെയും ഗ്രെയം സ്വാൻ പ്രവചിച്ചു. പരമ്പരയിൽ ഇംഗ്ലണ്ട് 4 -1 അല്ലെങ്കിൽ 3 – 2 എന്ന നിലയിൽ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ പരമ്പര ഇംഗ്ലണ്ട് മികച്ച രീതിയിൽ ജയിക്കാൻ ശ്രമിക്കണം. ഇംഗ്ലണ്ട് 4 -1 അല്ലെങ്കിൽ 3 – 2 എന്ന നിലയിൽ ഈ പരമ്പര ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യക്കെതിരെ നന്നായി കളിക്കുമെന്നും ആഷിനായി ഇംഗ്ലണ്ട് ആത്മവിശ്വാസം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ സ്വാൻ പറഞ്ഞു.

Content Highlight: Ind vs Eng: Graeme Swann says that Indian series is like a perfect warm up match for England before Ashes