എന്ത്! റെക്കോഡില്‍ എന്റെ പേരോ? അങ്ങനെ വരാന്‍ വഴിയില്ലല്ലോ; ഞെട്ടി മഞ്ജരേക്കര്‍
Sports News
എന്ത്! റെക്കോഡില്‍ എന്റെ പേരോ? അങ്ങനെ വരാന്‍ വഴിയില്ലല്ലോ; ഞെട്ടി മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th July 2025, 3:39 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം ആരംഭിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിവസം അവസാനിപ്പിച്ചത്. സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ ആദ്യ ദിനം സ്‌കോര്‍ ഉയര്‍ത്തിയത്.

സായ് സുദര്‍ശന്‍ 151 പന്ത് നേരിട്ട് 61 റണ്‍സ് നേടിയപ്പോള്‍ ജെയ്‌സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി പുറത്തായി. 98 പന്തില്‍ 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് മറ്റൊരു റണ്‍ഗെറ്റര്‍.

കാലിന് പരിക്കേറ്റ് മടങ്ങും മുമ്പേ റിഷബ് പന്ത് 48 പന്തില്‍ 37 റണ്‍സും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു. 37 പന്തില്‍ 19 റണ്‍സുമായി രവീന്ദ്ര ജഡേജയും 36 പന്തില്‍ 19 റണ്‍സുമായി ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.

കഴിഞ്ഞ മത്സരത്തിനിടെ സൂപ്പര്‍ താരം സായ് സുദര്‍ശന്‍ ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വണ്‍ ഡൗണായി കളത്തിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സായ് സുദര്‍ശന്‍ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വണ്‍ ഡൗണായി ഇറങ്ങിയ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

(താരം – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അബ്ബാസ് അലി ബായ്ഗ് – 112 – 1959

സഞ്ജയ് മഞ്ജരേക്കര്‍ – 93 – 1990

സായ് സുദര്‍ശന്‍ – 61 – 2025*

കോട്ടര്‍ രാമസ്വാമി – 60 – 1936

സഞ്ജയ് മഞ്ജരേക്കര്‍ – 50 – 1990

സായ് സുദര്‍ശന്റെ ബാറ്റിങ്ങിനിടെ ഈ റെക്കോഡ് കാണിച്ചപ്പോള്‍ മത്സരത്തിന്റെ കമന്റേറ്ററായ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ആകെ അത്ഭുതപ്പെട്ടിരുന്നു. ഈ റെക്കോഡില്‍ തന്റെ പേരും ഉള്‍പ്പെട്ടതാണ് മഞ്ജരേക്കറിനെ അത്ഭുതപ്പെടുത്തിയത്. സംഗതി കമന്ററി ബോക്‌സിലിരിക്കുകയാണെങ്കിലും മഞ്ജരേക്കര്‍ ഈ ഞെട്ടല്‍ മറച്ചുവെച്ചില്ല.

‘ഈ ലിസ്റ്റില്‍ എന്റെ പേര്! അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്,’ എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.

സഞ്ജയ് മഞ്ജരേക്കര്‍

തന്റെ റെക്കോഡിനെയോര്‍ത്ത് അല്‍പമെങ്കിലും അഭിമാനിച്ച മഞ്ജരേക്കറിനെ ഇരുത്തിക്കളയുന്നതായിരുന്നു സഹ കമന്റേറ്ററുടെ മറുപടി. ‘1990ല്‍ ഫ്‌ളാറ്റ് ട്രാക്കിലായിരുന്നു കളി നടന്നത്’ എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന കമന്റേറ്റര്‍ പറഞ്ഞത്. ഇരുവരുടെയും സംഭാഷണം ആരാധകര്‍ക്ക് ചിരിക്ക് വകയൊരുക്കിയിരുന്നു.

അതേസമയം, ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഗില്ലും സംഘവും കളത്തിലിറങ്ങിയിരിക്കുന്നത്. സമനില പോലും ഇന്ത്യയുടെ പരമ്പര സാധ്യതകള്‍ ഇല്ലാതാക്കും എന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

 

Content Highlight: IND vs ENG: Funny incident during the match when Sanjay Manjrekar reminds about his record