ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ 471 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയാണ് ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്, ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്.
ക്യാപ്റ്റന്‍ 227 പന്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ 178 പന്ത് നേരിട്ട് 134 റണ്‍സുമായി റിഷബ് പന്ത് തിരിച്ചുനടന്നു. 158 പന്തില്‍ 101 റണ്‍സുമായാണ് യശസ്വി ജെയ്‌സ്വാള്‍ പുറത്തായത്.
Innings Break! #TeamIndia posted 4⃣7⃣1⃣ on the board! 💪
1⃣4⃣7⃣ for captain Shubman Gill
1⃣3⃣4⃣ for vice-captain Rishabh Pant
1⃣0⃣1⃣ for Yashasvi Jaiswal
4⃣2⃣ for KL Rahul
ചരിത്രം കുറിച്ച മൂന്ന് സെഞ്ച്വറികള്‍ പിറന്നിട്ടും ഒരു മോശം റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ഒരു ഇന്നിങ്‌സില്‍ മൂന്ന് താരങ്ങള്‍ നൂറടിച്ചിട്ടും ഏറ്റവും മോശം ഓള്‍ ഔട്ട് ടോട്ടല്‍ എന്ന അനാവശ്യ റെക്കോഡിലാണ് ഇന്ത്യയെത്തിയത്.
പ്ലെയിങ് ഇലവനിലെ മറ്റ് താരങ്ങള്‍ക്കൊന്നും ബാറ്റിങ്ങില്‍ തങ്ങളുടെ സംഭാവന നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യ 471ന് മടങ്ങിയത്.
മൂന്ന് വ്യക്തിഗത സെഞ്ച്വറികള്‍ ഉള്‍പ്പെട്ട ഏറ്റവും ചെറിയ ഓള്‍ ഔട്ട് ടോട്ടലുകള്‍
(ടീം – സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ – 471/10 – ഇംഗ്ലണ്ട് – ഹെഡിങ്‌ലി – 2025*
സൗത്ത് ആഫ്രിക്ക – 475/10 – ഇംഗ്ലണ്ട് – സെഞ്ചൂറിയന്‍ – 2016
ഓസ്‌ടേലിയ – 494/10 – ഇംഗ്ലണ്ട് – ഹെഡിങ്‌ലി – 1924
വെസ്റ്റ് ഇന്‍ഡീസ് – 497/10 – ഇന്ത്യ – കൊല്‍ക്കത്ത – 2002
മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ആരംഭിച്ചത്. രണ്ടാം ദിവസം 20 റണ്‍സ് കൂടി സ്വന്തമാക്കിയ ശേഷം ക്യാപ്റ്റന്‍ പുറത്തായി. 227 പന്ത് നേരിട്ട് 147 റണ്‍സുമായാണ് ശുഭ്മന്‍ ഗില്‍ പുറത്തായത്.
എട്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കരുണ്‍ നായര്‍ നിരാശപ്പെടുത്തി. പൂജ്യത്തിനാണ് താരം മടങ്ങിയത്.
കരുണിന് പിന്നാലെ റിഷബ് പന്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. എന്നാല്‍ പുറത്താകും മുമ്പ് തന്നെ പന്ത് കരിയറിലെ മറ്റൊരു സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 178 പന്ത് നേരിട്ട് 134 റണ്‍സുമായാണ് പന്ത് തിരിച്ചുനടന്നത്. ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പന്തിന്റെ മടക്കം.
പിന്നാലെയെത്തിയവര്‍ക്കൊന്നും ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ ഇന്ത്യ 471ന് പുറത്തായി.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംഗും നാല് വിക്കറ്റ് വീതം സ്വന്തമാക്കി. ഷോയ്ബ് ബഷീറും ബ്രൈഡന്‍ കാര്‍സുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ബുംറയെറിഞ്ഞ ഓവറിലെ അവസാന പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കി സാക്ക് ക്രോളി മടങ്ങി. നാല് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പിനൊപ്പം ചേര്‍ന്ന് ബെന്‍ ഡക്കറ്റ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ കൂടാരം കയറ്റി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്.
ജോ റൂട്ടാണ് ശേഷം ക്രീസിലെത്തിയത്. റൂട്ടിനെ ഒപ്പം കൂട്ടി പോപ്പ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നതിനിടെ റൂട്ടിനെ മടക്കി ബുംറ അടുത്ത ബ്രേക് ത്രൂവും സമ്മാനിച്ചു. 58 പന്തില്‍ 28 റണ്‍സ് നേടി റൂട്ട് മടങ്ങി.
ഒടുവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. 131 പന്തില്‍ 100 റണ്‍സുമായി ഒലി പോപ്പും 12 പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Even after scoring 3 individual centuries, India set an unwanted record