ഇതിന് മുമ്പ് ഇങ്ങനെ സംഭവിക്കുമ്പോള്‍ വിരാടിന് രണ്ട് വയസ്! ഗില്ലിനിത് നാണക്കേട്
Sports News
ഇതിന് മുമ്പ് ഇങ്ങനെ സംഭവിക്കുമ്പോള്‍ വിരാടിന് രണ്ട് വയസ്! ഗില്ലിനിത് നാണക്കേട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th July 2025, 10:56 pm

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കവുമായി ആതിഥേയരായ ഇംഗ്ലണ്ട്. 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റില്‍ 150+ റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ആതിഥേയര്‍ തിരിച്ചടിക്കുന്നത്.

ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 166 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 113 പന്തില്‍ 84 റണ്‍സ് നേടിയ ക്രോളിയെ മടക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

എന്നാല്‍ പുറത്താകും മുമ്പേ ഇന്ത്യയ്ക്ക് ഒരു നാണക്കേടും ഈ കൂട്ടുകെട്ട് സമ്മാനിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പരയില്‍ ഒന്നിലധികം തവണ 150+ റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന ടീം എന്ന ഖ്യാതി ഇംഗ്ലണ്ടിന് സമ്മാനിച്ചാണ് ക്രോളി പുറത്തായത്.

ഈ പരമ്പരയ്ക്ക് പുറമെ ആദ്യ ടെസ്റ്റിലും ക്രോളി – ഡക്കറ്റ് സഖ്യം ഒന്നാം വിക്കറ്റില്‍ 150+ റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ലീഡ്‌സില്‍ 188 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത്.

ഇതിന് മുമ്പ് 1990ലാണ് ഇന്ത്യയ്‌ക്കെതിരെ ഒരു ടീം ഒരു പരമ്പരയില്‍ ഒന്നിലധികം തവണ 150+ റണ്‍സിന്റെ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുന്നത്. അന്നും ഇംഗ്ലണ്ട് തന്നെയായിരുന്നു ഈ നാണക്കേട് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഗ്രഹാം ഗൂച്ച്, മൈക്കല്‍ ആതര്‍ട്ടണ്‍ എന്നിവരാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് തവണ 150+ റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് അടിച്ചെടുത്തത്.

ഗ്രഹാം ഗൂച്ച് – മൈക്കല്‍ ആതര്‍ട്ടണ്‍

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ സംഭവിക്കുമ്പോള്‍ സച്ചിന്റെ പേരില്‍ ഒറ്റ അന്താരാഷ്ട്ര സെഞ്ച്വറി പോലും കുറിക്കപ്പെട്ടിരുന്നില്ല. വിരാട് കോഹ്‌ലിക്ക് അന്ന് ഒരു വയസും പത്ത് മാസവുമായിരുന്നു പ്രായം.

ശുഭ്മന്‍ ഗില്ലിന്റെ കീഴിലിറങ്ങിയ നാല് മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് എതിരാളികള്‍ 150+ റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ കളിച്ച 68 മത്സരത്തില്‍ രണ്ട് തവണ മാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത്. 24 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ ഒരിക്കല്‍പ്പോലും 150+ റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ വഴങ്ങിയിരുന്നില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

അതേസമയം, മത്സരം 35 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന നിലയിലാണ്. 94 പന്തില്‍ 89 റണ്‍സുമായി ബെന്‍ ഡക്കറ്റും ആറ് പന്തില്‍ രണ്ട് റണ്‍സുമായി ഒലി പോപ്പുമാണ് ക്രീസില്‍.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയത്.

സായ് 151 പന്തില്‍ 61 റണ്‍സും ജെയ്‌സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ച് വിക്കറ്റുമായി തിളങ്ങി. സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരുടെ വിക്കറ്റുകളാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്.

സ്‌റ്റോക്‌സിന് പുറമെ ജോഫ്രാ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷബ് പന്തിന്റേതടക്കം മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ക്രിസ് വോക്‌സും ലിയാം ഡോവ്‌സണുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

 

Content Highlight: IND vs ENG: English openers scored 150 runs partnership