ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്.
വമ്പൻ താരങ്ങൾ അരങ്ങൊഴിഞ്ഞതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങുക. പരമ്പരയ്ക്കായി ബി.സി.സി.ഐ നേരത്തെ തന്നെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു.
ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.
ഇപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ പുതിയ ക്യാപ്‌റ്റൻ ശുഭ്മൻ ഗിൽ വലിയ സമ്മർദത്തിലാകുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനാവുന്നതിന്റെ ഗൗരവം ഗില്ലിന് ഇതുവരെ പൂർണമായി മനസിലായിട്ടില്ലെന്നും ഇംഗ്ലണ്ടിൽ ക്രിക്കറ്റ് കളിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ബൗളിങ് ഇപ്പോൾ ദുർബലമാണെന്നും അത് ഇന്ത്യയ്ക്ക് ഗുണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൈ ക്രിക്കറ്റിൽ സംസാരിക്കുകയായിരുന്നു ദിനേശ് കാർത്തിക്.
‘ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനാവുന്നതിന്റെ ഗൗരവം ഗില്ലിന് ഇതുവരെ പൂർണമായി മനസിലായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവൻ സിംഹകൂടിലേക്കാണ് പോവുന്നത്. ഇംഗ്ലണ്ടിൽ ക്രിക്കറ്റ് കളിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. കൂടാതെ, വമ്പൻ താരങ്ങളുമായെത്തിയ നിരവധി ടീമുകൾ ഇവിടെ കളിക്കാൻ പ്രയാസപ്പെട്ടിട്ടുണ്ട്.
ഭാഗ്യവശാൽ അവരുടെ ബൗളിങ് ഇപ്പോൾ വളരെ ദുർബലമാണ്. ഈ പരമ്പരയിൽ ഞാൻ കാണുന്ന ഏക പോസറ്റീവ് അതാണ്. അതുകൊണ്ട് അവർ ബാറ്റിങ് കൊണ്ട് ഇന്ത്യയെ സമ്മർദത്തിലാക്കും. ഇംഗ്ലണ്ടിന്റെ ബൗളിങ്ങ് വികസിക്കുന്നതേയുള്ളു. അത് ഇന്ത്യയെ സഹായിച്ചേക്കാം,’ കാർത്തിക് പറഞ്ഞു.