ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ്. സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതോടെ യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക.
നേരത്തെ തന്നെ ബി.സി.സി.ഐ ഈ പരമ്പരയ്ക്കായി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇപ്പോൾ ഈ പരമ്പരയിലെ വിജയികളെ പ്രവചിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. പരമ്പരയിലെ എല്ലാ മത്സരങ്ങളും കടുത്തതായിരിക്കുമെന്നും ഇംഗ്ലണ്ട് പരമ്പര വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മത്സരങ്ങളും ത്രില്ലിങ്ങായിരിക്കുമെന്നും ഇരുകൂട്ടർക്കും വിജയം ഒരിക്കലും എളുപ്പമായിരിക്കില്ലെന്നും മുൻ പ്രോട്ടിയാസ് താരം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ഡെയ്ൽ സ്റ്റെയ്ൻ.
‘എല്ലാ മത്സരങ്ങളും വളരെ കടുത്തതായിരിക്കും, പക്ഷേ, എല്ലാത്തിലും വിജയികളുണ്ടാവും. എനിക്ക് തോന്നുന്നത് 3 – 2ന് ഇംഗ്ലണ്ട് പരമ്പര നേടുമെന്നാണ്. പക്ഷേ ഇരുകൂട്ടർക്കും വിജയം ഒരിക്കലും എളുപ്പമായിരിക്കില്ല. അഞ്ച് മത്സരങ്ങളും വളരെ കടുപ്പമേറിയതും ത്രില്ലിങ്ങുമാവും,’ സ്റ്റെയ്ൻ പറഞ്ഞു.
ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ ഒരു പരമ്പര ജയിക്കുന്നത് 2007ലാണ്. കഴിഞ്ഞ വർഷം ഇന്ത്യ ഇംഗ്ലണ്ടിൽ ഇറങ്ങിയപ്പോൾ പരമ്പര 2- 2 സമനിലയിലായിരുന്നു അവസാനിച്ചത്.