ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇപ്പോൾ രോഹിത് ശർമയ്ക്ക് പകരം ആര് ഇന്നിങ്‌സ് ഓപ്പണിങ്ങിൽ എത്തണമെന്ന് പറയുകയാണ് ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ജെയ്‌സ്വാളിനൊപ്പം ശുഭ്മൻ ഗിൽ ഓപ്പണറായി എത്തട്ടെ എന്ന് അദ്ദേഹം പറഞ്ഞു. റേവ് സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ സ്പിന്നർ.
‘കരുൺ നായർ കൂടുതൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജെയ്‌സ്വാളിനൊപ്പം ശുഭ്മാൻ ഗിൽ ഓപ്പണറായി എത്തട്ടെ. പന്ത് ആറാം സ്ഥാനത്ത് ഇറങ്ങും. മധ്യനിരയിൽ അവർക്ക് കെ.എൽ. രാഹുലും കരുൺ നായരുമുണ്ട്. മൂന്നാം സ്ഥാനത്ത് സുദർശനും ഉണ്ടാകും. അപ്പോൾ ടീമിൽ അവർക്ക് ഒരുപാട് യുവത്വമുണ്ട്,’ ഹോഗ് പറഞ്ഞു.
ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടീമിൽ എത്തിയ സായ് സുദർശനെ കുറിച്ചും ഹോഗ് സംസാരിച്ചു. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് വളരെ മികച്ചതാണെന്നും അവൻ പന്ത് വൈകി കളിക്കുന്ന രീതി തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. താരം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെങ്കിലും ഓപ്പണിങ്ങിൽ തനിക്ക് എപ്പോഴും ആ വലംകൈയ്യൻ, ഇടംകൈയ്യൻ കോമ്പിനേഷനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സുദർശന്റെ ബാറ്റിങ് ടെക്‌നിക്ക് വളരെ മികച്ചതാണ്. അവൻ പന്ത് വൈകി കളിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പോയിന്റിലൂടെ കളിക്കാൻ അവൻ കഴിയും. അതിനാൽ, പന്ത് വൈകി അടിക്കാൻ മികച്ച സാങ്കേതിക വിദ്യയുണ്ടെന്ന് ഞാൻ കരുതുന്നു. അവൻ ബാറ്റിങ് ആരംഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മൂന്നാം സ്ഥാനത്ത് ഗില്ലും. പക്ഷേ ഓപ്പണിങ്ങിൽ എനിക്ക് എപ്പോഴും ആ വലംകൈയ്യൻ, ഇടംകൈയ്യൻ കോമ്പിനേഷനാണ് ഇഷ്ടം,’ ഹോഗ് പറഞ്ഞു.