ഇന്ത്യ തോറ്റത് അവര്‍ കാരണം; വിമര്‍ശനവുമായി ബ്രാഡ് ഹോഗ്
Sports News
ഇന്ത്യ തോറ്റത് അവര്‍ കാരണം; വിമര്‍ശനവുമായി ബ്രാഡ് ഹോഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th July 2025, 3:39 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്താവുകയായിരുന്നു.

താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഇംഗ്ലണ്ടിന്റെ ബൗളിങ് യൂണിറ്റിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. അനായാസ വിജയം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ മോഹത്തിന് കരിനിഴല്‍ വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അവസാന നിമിഷം വരെ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു. അപരാജിത അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ പിടിച്ചുനിന്ന ജഡേജയ്ക്ക് വാലറ്റം പിന്തുണ നല്‍കിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ഇപ്പോള്‍ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങളെ വിലയിരുത്തുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ഒരു നാഴികക്കല്ലാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കെ. എല്‍. രാഹുലും റിഷബ് പന്തും ഇന്ത്യയുടെ ലക്ഷ്യത്തിനെക്കാള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത് റണ്‍സിനാണെന്നും അതാണ് ടീമിന്റെ തോല്‍വിയിലേക്ക് നയിച്ചതെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബ്രാഡ് ഹോഗ്.

‘ഒരു സെഞ്ച്വറിയാണ് ഇന്ത്യയുടെ പരാജയത്തിന് കാരണം. ടീമിന്റെ ലക്ഷ്യത്തിനെക്കാള്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത് റണ്‍സിനാണ്. പന്തിന്റെ റണ്‍ ഔട്ടാണ് തോല്‍വിയ്ക്ക് കാരണം. ഉച്ച ഭക്ഷണത്തിന് മുമ്പ് രാഹുലിന് സെഞ്ച്വറി നേടാന്‍ വേണ്ടി സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിച്ചാണ് അവന്‍ പുറത്തായത്.

നിങ്ങള്‍ക്ക് മൊമെന്റം ലഭിക്കുമ്പോള്‍ അത്തരമൊരു റണ്‍ ഔട്ടുണ്ടാവാന്‍ പാടില്ലായിരുന്നു. അത് കഴിഞ്ഞ് രാഹുല്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ അവനും ഔട്ടായി. ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്.

അവര്‍ ആ റണ്‍സിനായി ശ്രമിച്ചപ്പോള്‍ ടീമിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു. പത്ത് പന്തിനിടെ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ച രണ്ട് ബാറ്റര്‍മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതാണ് മത്സരത്തെ ഒന്നാകെ മാറ്റിമറിച്ചത്.’ ഹോഗ് പറഞ്ഞു.

 

Content Highlight: Ind vs Eng: Brad Hogg says that KL Rahul and Rishabh Pant focused more on runs than team’s mission