ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.
ആദ്യ മത്സരത്തിൽ സ്പിന്നറായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരുന്നത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയായിരുന്നു. താരം 47 ഓവറുകൾ എറിഞ്ഞ് 172 റൺസ് വിട്ടുകൊടുത്തിരുന്നു. ടീമിനായി ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് രണ്ട് ഇന്നിങ്‌സിലുമായി ആകെ നേടാൻ സാധിച്ചത്.
ഇപ്പോൾ രണ്ടാം മത്സരത്തിന് മുന്നോടിയായി ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയത് മികച്ച തീരുമാനായിരുന്നില്ലെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹാഡിൻ. ഇന്ത്യൻ സാഹചര്യങ്ങളിൽ താരത്തിനെ ഉൾപ്പെടുത്തുന്നത് ഗുണകരമാകാമെന്നും എന്നാൽ സ്പിൻ ബൗളിങ്ങിൽ മികച്ച ഓപ്ഷൻ അവനാണെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അറ്റാക്കിങ് ബൗളറായ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും സെലക്ഷനിൽ ഇന്ത്യ കുറച്ച് കൂടെ ബോൾഡ് ആവണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ബ്രാഡ് ഹാഡിൻ.
‘ഇന്ത്യൻ സാഹചര്യങ്ങളിൽ ജഡേജയെ ഉപയോഗിക്കുമ്പോൾ ടീമിന് ഗുണകരമാണ്. എന്നാൽ സ്പിൻ ബൗളിങ്ങിൽ മികച്ച ഓപ്ഷൻ അവനാണെന്ന് ഞാൻ കരുതുന്നില്ല. ജഡേജ നല്ലൊരു ഓൾറൗണ്ടറും രണ്ടാം സ്പിന്നറായി ഉപയോഗിക്കാൻ കഴിയുന്ന ഒരാളുമാണ്.
പക്ഷേ, ബൗളിങ്ങിൽ ഇന്ത്യ കുറച്ച് കൂടെ അറ്റാക്കിങ് ആവേണ്ടതുണ്ട്. അറ്റാക്കിങ് ബൗളറായ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണം. അവന് വിക്കറ്റുകൾ നേടാൻ കഴിയും. റണ്ണൊഴുക്ക് തടയാൻ കഴിയുന്ന സിറാജിനെ പോലുള്ള നല്ല ബൗളർമാർ ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ട് ബൗളർമാരെ സെലക്ട് ചെയ്യുമ്പോൾ അവർ കുറച്ച് കൂടെ ബോൾഡ് ആവണം,’ ഹാഡിൻ പറഞ്ഞു.
Content Highlight: Ind vs Eng: Brad Haddin says that Ravindra Jadeja was not best spin option for India and suggests including Kuldeep Yadav