ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്.
വമ്പൻ താരങ്ങൾ അരങ്ങൊഴിഞ്ഞതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക. രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ സീനിയർ താരങ്ങൾ. ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറ എല്ലാ മത്സരങ്ങളിലും കളിച്ചേക്കില്ലെന്ന് ഗൗതം ഗംഭീർ അറിയിച്ചിരുന്നു.
ഇപ്പോൾ ബുംറയുടെ അഭാവത്തിൽ ബൗളിങ്ങിന്റെ നേതൃത്വം മുഹമ്മദ് സിറാജ് ഏറ്റെടുക്കണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുൺ. താരത്തിന് ഈ റോളിൽ പരിചയമുണ്ടെന്നും മുമ്പ് ലോർഡ്‌സിൽ ഇന്ത്യൻ ജയിച്ചപ്പോൾ നന്നായി പന്തെറിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറാജ് ക്യാപ്റ്റന് അനുയോജ്യമായ ബൗളറാണെന്നും മുൻ പരിശീലകൻ കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയിൽ സംസാരിക്കുകയായിരുന്നു ഭരത് അരുൺ.
‘സിറാജിന് ഇതൊരു മികച്ച അവസരമാണ്. ഈ റോളിൽ അദ്ദേഹത്തിന് പരിചയമുണ്ട്, പ്രത്യേകിച്ച് ലോർഡ്‌സിൽ ഞങ്ങൾ അവസാനമായി വിജയിച്ചപ്പോൾ അദ്ദേഹം അത്ഭുതകരമായി പന്തെറിയുന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്.
ഇപ്പോൾ, ഇന്ത്യയ്ക്കായി പ്രധാന ബൗളറാകാൻ താൻ തയ്യാറാണെന്ന് സിറാജ് തെളിയിക്കേണ്ട സമയമായി. അവന് എല്ലാ കഴിവുകളും ഉണ്ട്. എന്നാൽ അവന്റെ മാനസികാവസ്ഥയായിരിക്കും ഏറ്റവും പ്രധാനം.
സിറാജ് മിടുക്കനും ഒരു ക്യാപ്റ്റന് അനുയോജ്യമായ കളിക്കാരനുമാണ്. കാരണം അദ്ദേഹം എപ്പോഴും പരമാവധി ശ്രമിക്കുന്നു. ആക്രമണാത്മകത നല്ലതാണെങ്കിലും, അദ്ദേഹം അത് നന്നായി നിയന്ത്രിക്കേണ്ടതുണ്ട്. സിറാജിന് മികച്ച ഒരു ഐ.പി.എൽ സീസണാണ് കഴിഞ്ഞ് പോയത്,’ അരുൺ പറഞ്ഞു.
പരമ്പരയ്ക്കായി ബി.സി.സി.ഐ നേരത്തെ തന്നെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.