അവൻ അപകടകാരിയാണ്; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബെൻ സ്റ്റോക്സ്
Sports News
അവൻ അപകടകാരിയാണ്; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബെൻ സ്റ്റോക്സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st July 2025, 10:28 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. നാളെയാണ് (ബുധൻ) രണ്ടാം മത്സരം ആരംഭിക്കുക. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.

ഇപ്പോൾ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ പ്രശംസിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. പന്തിന്റെ ബാറ്റിങ് താൻ ആസ്വദിക്കാറുണ്ടെന്നും അവൻ വളരെ അപകടകാരിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ രണ്ട് സെഞ്ച്വറി നേടിയതിന് പന്തിനെ അഭിനന്ദിക്കണമെന്നും അവൻ തന്റെ ആക്രമണ ശൈലി മാറ്റുമെന്ന് താൻ കരുതുന്നില്ലെന്നും ഇംഗ്ലണ്ട് നായകൻ കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബെൻ സ്റ്റോക്സ്.

‘റിഷബ് പന്ത് എന്റെ എതിർ ടീമിലാണെങ്കിലും അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. അവനെപ്പോലുള്ള ഒരു കഴിവുള്ള കളിക്കാരനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുമ്പോൾ, അവൻ എത്ര അപകടകാരിയാണെന്ന് നിങ്ങൾക്ക് മനസിലാകും. അവന്റെ ബാറ്റിങ് ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ട് സെഞ്ച്വറി നേടിയതിന് അവനെ അഭിനന്ദിക്കണം.

പന്ത് കളിക്കുന്ന രീതിയിൽ, അവനെ പുറത്താക്കാൻ അവസരങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മത്സരത്തിൽ അവന്റെ ഷോട്ട് നേരിട്ട് ഒരു ഫീൽഡറുടെ കൈയിലേക്ക് പോയിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു.

പക്ഷേ അവൻ വളരെ അപകടകാരിയായ കളിക്കാരനാണ്. അവൻ ഇന്ത്യൻ ടീമിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് ഞങ്ങൾക്കറിയാം. അവന്റെ ബാറ്റിങ് എനിക്ക് വളരെ ഇഷ്ടമാണ്. അവൻ തന്റെ ആക്രമണ ശൈലി മാറ്റുമെന്ന് ഞാൻ കരുതുന്നില്ല,’ സ്റ്റോക്സ് പറഞ്ഞു.

Content Highlight: Ind vs Eng: Ben Stokes praises Rishabh Pant