ഐ.പി.എല്‍ മാമാങ്കം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതോടെ യുവനിരയിലാണ് ഇംഗ്ലണ്ടിൽ ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങുക. ടെസ്റ്റ് ടീമിൽ അരങ്ങേറ്റം നടത്താൻ കാത്തിരിക്കുന്ന ഒരാളാണ് ഇടം കൈയ്യൻ ബൗളർ അർഷദീപ് സിങ്. ഇപ്പോൾ തന്റെ ബൗളിങ്ങിൽ വിശ്വാസമുണ്ടെന്ന് പറയുകയാണ് താരം.
എങ്കിലും ജസ്പ്രീത് ബുംറയെ പോലുള്ള ഒരാൾ ടീമിലുണ്ടുണ്ടാകുമ്പോൾ താരതമ്യം എന്ന വാക്ക് പോലും നിലനിൽക്കില്ലെന്നും താരം പറഞ്ഞു. ബി.സി.സി.ഐ പുറത്തുവിട്ട ഒരു വീഡിയോയിൽ സംസാരിക്കുകയായിരുന്നു അർഷദീപ് സിങ്.
‘പന്ത് പിടിക്കുമ്പോഴെല്ലാം ഞാൻ തന്നെയാണ് ഏറ്റവും മികച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. പക്ഷേ ജസ്പ്രീത് ബുംറയെ പോലുള്ള താരം ഉൾപ്പെടുന്ന ആക്രമണത്തിൽ ‘താരതമ്യം’ എന്ന വാക്ക് പോലും നിലനിൽക്കില്ല.
അതുകൊണ്ട്, നമുക്ക് എങ്ങനെ പരസ്പരം കളി മെച്ചപ്പെടുത്താം, പരസ്പരം കഴിവുകൾ മെച്ചപ്പെടുത്താം, എങ്ങനെ ടീമിനെ സഹായിക്കാം എന്നതിലാണ് എന്റെ ശ്രദ്ധ,’ അർഷദീപ് പറഞ്ഞു.