ഇന്ത്യയ്ക്ക് തിരിച്ചടി; മാഞ്ചസ്റ്ററില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ല
Tendulkar - Anderson Trophy
ഇന്ത്യയ്ക്ക് തിരിച്ചടി; മാഞ്ചസ്റ്ററില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th July 2025, 12:22 pm

ഇന്ത്യയ്ക്ക് തിരിച്ചടി; മാഞ്ചസ്റ്ററില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ലഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂലൈ 23 മുതല്‍ 27 വരെയാണ് ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലെ ഈ മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

പരമ്പരയില്‍ ഇംഗ്ലണ്ട് 2 – 1ന് മുന്നിലാണ്. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ആതിഥേയര്‍ ഒന്നാം ടെസ്റ്റിലും ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. അതിനാല്‍ തന്നെ പരമ്പരയില്‍ സമനില സ്വന്തമാക്കാന്‍ ഗില്ലിനും സംഘത്തിനും നാലാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

എന്നാല്‍, ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇടം കൈയ്യന്‍ പേസര്‍ അര്‍ഷദീപ് സിങിന്റെ പരിക്ക്. നാലാം ടെസ്റ്റില്‍ താരം കളിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ, അര്‍ഷദീപ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനിടെയിലാണ് താരത്തിന് പരിക്കേറ്റത്.

ജൂലൈ 17ന് പരിശീലനത്തിനിടെയാണ് താരത്തിന്റെ ഇടം കൈയ്യിന് പരിക്കേറ്റിരുന്നത്. കൈയിലെ മുറിവിന് തുന്നലുകള്‍ വേണ്ടിവന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ മത്സരത്തിന് മുമ്പ് താരത്തിന് സുഖം പ്രാപിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഇക്കാര്യം ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

‘അര്‍ഷദീപിന്റെ കൈയിലെ മുറിവിന് തുന്നലുണ്ട്. അതിനാല്‍ നാലാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണ്. അവന് അഞ്ചാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമോയെന്ന് ഇന്ത്യന്‍ ടീം പരിശോധിക്കും,’ ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, മറ്റൊരു പേസറായ ആകാശ് ദീപിനും കഴിഞ്ഞ ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി എത്തി മികച്ച പ്രകടനം താരം നടത്തിയിരുന്നു. കൂടാതെ, നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയും കളിക്കുമെന്ന് ഉറപ്പില്ല. അതിനിടെയാണ് അര്‍ഷദീപ് സിങ്ങിനും പരിക്കേറ്റിരിക്കുന്നത്. ഇത് ഇന്ത്യന്‍ ടീമിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Content Highlight: Ind vs Eng: Arshdeep Singh ruled out of  fourth test in Manchester: Report