ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ജനുവരി 22ന് നടക്കുന്ന പരമ്പരയുടെ ആദ്യ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്.
മത്സരത്തില്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് നേട്ടമാണ് അര്‍ഷ്ദീപ് ലക്ഷ്യമിടുന്നത്. നിലവില്‍ 95 വിക്കറ്റുകളാണ് ഇടംകയ്യന്‍ പേസറുടെ പേരിലുള്ളത്.
2022ല്‍ കരിയര്‍ ആരംഭിച്ച അര്‍ഷ്ദീപ് രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ബൗളര്‍മാരില്‍ പ്രധാനിയായി മാറിയിരിക്കുകയാണ്. 60 ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരം 18.10 ശരാശരിയിലും 13.05 സ്‌ട്രൈക്ക് റേറ്റിലുമാണ് പന്തെറിയുന്നത്. 2024 ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരെ ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അര്‍ഷ്ദീപിന്റെ മികച്ച പ്രകടനം.
ഇന്ത്യക്കായി ടി-20യില്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാനാണ് അര്‍ഷ്ദീപ്. ഒരു വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ ഒന്നാമതുള്ള ചഹലിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ ചഹലിനെ മറികടക്കാനും അര്‍ഷ്ദീപിന് സാധിക്കും.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
യൂസ്വേന്ദ്ര ചഹല്‍ – 79 – 96
അര്‍ഷ്ദീപ് സിങ് – 60 – 95
ഭുവനേശ്വര്‍ കുമാര്‍ – 86 – 90
ജസ്പ്രീത് ബുംറ – 69 – 89
ഹര്‍ദിക് പാണ്ഡ്യ – 97 – 89
ആര്‍. അശ്വിന്‍ – 65 – 72
ഒടുവില്‍ കളിച്ച ടി-20യിലും മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപ് ഉടന്‍ തന്നെ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്.
ഇതേ പ്രകടനം ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാനാണ് അര്‍ഷ്ദീപ് ഒരുങ്ങുന്നത്.