ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് നോക്കികാണുന്നത്. മത്സരം അഞ്ചാം ദിവസത്തേക്ക് നീണ്ടതോടെ ഒരു ആവേശകരമായ അന്ത്യത്തിലേക്കാണ് ഓവല്‍ ടെസ്റ്റ് നീങ്ങുന്നത്. ആറ് വിക്കറ്റിന് 339 റണ്‍സിന് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ടിന് ജയിക്കാന്‍ വെറും 35 റണ്‍സ് മത്രമാണ് വേണ്ടത്. ഇന്ത്യക്കാകട്ടെ ജയിക്കാനും പരമ്പര സ്വന്തമാക്കാനും നാല് വിക്കറ്റുകള്‍ നേടേണ്ടതുണ്ട്.
നാലാം ദിവസം കളിയുടെ തുടക്കത്തില്‍ മുന്‍തൂക്കം ഇന്ത്യക്കായിരുന്നു. മത്സരം തുടങ്ങി ആദ്യ സെഷനില്‍ തന്നെ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. എന്നാല്‍, അതിന് ശേഷം ഒന്നിച്ച ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്ന് കളി ആതിഥേയരുടെ വരുതിയിലാക്കി. 195 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും മുന്നേറിയപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ ഇല്ലെന്ന് കരുതിയിരിക്കെ ബ്രൂക്കിനെ മടക്കി ആകാശ് ദീപ് ബ്രേക്ക് ത്രൂ നല്‍കി.
അധികം വൈകാതെ തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ തിരിച്ച് വരവ് നടത്തി. വിജയം 35 റണ്‍സും നാല് വിക്കറ്റും മാത്രം ദൂരത്തായതോടെ മത്സരം നാലാം ദിവസം തന്നെ അവസാനിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, മഴ വില്ലനായതോടെ അവസാന ടെസ്റ്റും അഞ്ചാം ദിവസത്തേക്ക് കൂടി നീണ്ടു.
ഓവല്‍ ടെസ്റ്റ് അവസാന ദിവസത്തേക്ക് നീണ്ടതോടെ ഒരു അപൂര്‍വതയാണ് സംഭവിച്ചത്. ഒരു പരമ്പരയിലെ എല്ലാ മത്സരവും അഞ്ചാം ദിവസം അവസാനിക്കുന്നുവെന്ന അപൂര്‍വതയാണ് നടന്നത്. ഈ പരമ്പരയിലെ ആദ്യ നാല് ടെസ്റ്റും അവസാനിച്ചത് അഞ്ചാം ദിവസമാണ്.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇത് വളരെ അപൂര്‍വമായ ഒരു സംഭവമാണ്. ഇങ്ങനെ ഈ നൂറ്റാണ്ടില്‍ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും അഞ്ചാം ദിവസത്തില്‍ അവസാനിച്ചത് വളരെ കുറവ് അവസരങ്ങളില്‍ മാത്രമാണ്.
അവസാനമായി ഇങ്ങനെ സംഭവിച്ചത് 2017 -18 വര്‍ഷത്തെ ആഷസ് പരമ്പരയിലാണ്. ഇതിന് പുറമെ, 2004 – 05ലെ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും 2001ലെ ദക്ഷിണാഫ്രിക്കയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുമാണ് ഇങ്ങനെ നടന്നത്.
Content Highlight: Ind vs Eng: All Five Tests in the India tour of England have gone to the final day which is rare in Test Cricket