ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് നോക്കികാണുന്നത്. മത്സരം അഞ്ചാം ദിവസത്തേക്ക് നീണ്ടതോടെ ഒരു ആവേശകരമായ അന്ത്യത്തിലേക്കാണ് ഓവല്‍ ടെസ്റ്റ് നീങ്ങുന്നത്. ആറ് വിക്കറ്റിന് 339 റണ്‍സിന് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ടിന് ജയിക്കാന്‍ വെറും 35 റണ്‍സ് മത്രമാണ് വേണ്ടത്. ഇന്ത്യക്കാകട്ടെ ജയിക്കാനും പരമ്പര സ്വന്തമാക്കാനും നാല് വിക്കറ്റുകള്‍ നേടേണ്ടതുണ്ട്.
നാലാം ദിവസം കളിയുടെ തുടക്കത്തില്‍ മുന്‍തൂക്കം ഇന്ത്യക്കായിരുന്നു. മത്സരം തുടങ്ങി ആദ്യ സെഷനില്‍ തന്നെ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. എന്നാല്‍, അതിന് ശേഷം ഒന്നിച്ച ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്ന് കളി ആതിഥേയരുടെ വരുതിയിലാക്കി. 195 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും മുന്നേറിയപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ ഇല്ലെന്ന് കരുതിയിരിക്കെ ബ്രൂക്കിനെ മടക്കി ആകാശ് ദീപ് ബ്രേക്ക് ത്രൂ നല്‍കി.

അധികം വൈകാതെ തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ തിരിച്ച് വരവ് നടത്തി. വിജയം 35 റണ്‍സും നാല് വിക്കറ്റും മാത്രം ദൂരത്തായതോടെ മത്സരം നാലാം ദിവസം തന്നെ അവസാനിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, മഴ വില്ലനായതോടെ അവസാന ടെസ്റ്റും അഞ്ചാം ദിവസത്തേക്ക് കൂടി നീണ്ടു.


