39 വർഷങ്ങൾക്ക് ശേഷം രണ്ടാമൻ ആകാശ് ദീപ്; ഒപ്പം മറ്റൊരു സൂപ്പർ നേട്ടവും
Tendulkar - Anderson Trophy
39 വർഷങ്ങൾക്ക് ശേഷം രണ്ടാമൻ ആകാശ് ദീപ്; ഒപ്പം മറ്റൊരു സൂപ്പർ നേട്ടവും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th July 2025, 9:43 am

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 336 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനോടൊപ്പമെത്തി.

ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

സ്‌കോർ

ഇന്ത്യ: 587 & 427/6D

ഇംഗ്ലണ്ട്: 407 & 271 – ടാർഗറ്റ്: 608

മത്സരത്തിൽ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി എത്തിയ യുവ താരം ആകാശ് ദീപ് ഇംഗ്ലണ്ടിന്റെ മണ്ണിൽ മിന്നും പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ്‌ താരം നേടിയത്. 4.68 എക്കോണമിയിൽ 21.1 ഓവറുകളിൽ പന്തെറിഞ്ഞായിരുന്നു താരത്തിന്റെ ഈ പ്രകടനം.

ഇതിന് പുറമെ, ആകാശ് ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. ഇരു ഇന്നിങ്‌സിലുമായി പേസ് ബൗളർ നേടിയത് പത്ത് വിക്കറ്റുകളാണ്‌. ഇതോടെ രണ്ട് സൂപ്പർ നേട്ടങ്ങളാണ് താരത്തിന് സ്വന്തമാക്കാനായത്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽ പത്ത് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ആകാശിന് സാധിച്ചത്.

ഫാസ്റ്റ് ബൗളറായ ചേതൻ ശർമയാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം. 1986ൽ
ചേതൻ ബെർമിങ്ഹാമിൽ തന്നെയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതാണ് കൗതുകം. 39 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു താരം ഈ നേട്ടത്തിലെത്തുന്നത്.

കൂടാതെ, മറ്റൊരു നേട്ടവും ആകാശ് ദീപ് സ്വന്തം അക്കൗണ്ടിലാക്കി. ഇംഗ്ലണ്ടിൽ ഇരു ഇന്നിങ്സിലും നാല് വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ താരമാകാനാണ് ഫാസ്റ്റ് ബൗളർക്ക് സാധിച്ചത്.

ഇംഗ്ലണ്ടിൽ ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സിലുകളിലും നാല് വിക്കറ്റുകൾ വീഴ്‌ത്തുന്ന താരങ്ങൾ

(ഒന്നാം ഇന്നിങ്‌സ് പ്രകടനം – രണ്ടാം ഇന്നിങ്‌സ് – താരം – വേദി – വർഷം എന്നീ ക്രമത്തിൽ)

4/130 – 6/58 – ചേതൻ ശർമ – ബെർമിങ്ഹാം – 1986

4/59 – 5/75 – സഹീർ ഖാൻ – ബെർമിങ്ഹാം – 2007

4/46 – 5/64 – ജസ്പ്രീത് ബുംറ – ബെർമിങ്ഹാം – 2021

4/94 – 4/32 – മുഹമ്മദ് സിറാജ് – ലോർഡ്‌സ് – 2021

4/88 – 6/99 – ആകാശ് ദീപ് – ബെർമിങ്ഹാം – 2025

Content Highlight: Ind vs Eng: Akash Deep second Indian bowler to take 10 wicket haul in England in Tests