ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; നാലാം മത്സരത്തില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്
Tendulkar - Anderson Trophy
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; നാലാം മത്സരത്തില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd July 2025, 6:24 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂലൈ 23 മുതല്‍ 27 വരെയാണ് ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലെ ഈ മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

പരമ്പരയില്‍ ഇംഗ്ലണ്ട് 2 – 1ന് മുന്നിലാണ്. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ആതിഥേയര്‍ ഒന്നാം ടെസ്റ്റിലും ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. അതിനാല്‍ തന്നെ പരമ്പരയില്‍ സമനില സ്വന്തമാക്കാന്‍ ഗില്ലിനും സംഘത്തിനും നാലാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

നാലാം മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യ മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. പരിക്കേറ്റ ആകാശ് ദീപ് നാലാം ടെസ്റ്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ആകാശ് ദീപ് നാലാം മത്സരത്തില്‍ ഉണ്ടാവില്ലെന്ന് അറിയിച്ചത്.

ടീമില്‍ ഉള്‍പ്പെടുത്തിയ അന്‍ഷുല്‍ കംബോജ് അടുത്ത മത്സരത്തില്‍ അരങ്ങേറിയേക്കുമെന്നും ഗില്‍ സൂചന നല്‍കി. കൂടാതെ, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് കളിക്കുമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

‘ആകാശ് ദീപ് മത്സരത്തില്‍ കളിക്കില്ല. അതുപോലെ അര്‍ഷദീപ് സിങ്ങും. പക്ഷേ ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള മികച്ച കളിക്കാര്‍ ടീമിലുണ്ട്. വ്യത്യസ്ത ബൗളര്‍മാര്‍ ഉണ്ടാകുന്നത് അനുയോജ്യമല്ല, പക്ഷേ ഞാന്‍ തയ്യാറായിരുന്നു.

അന്‍ഷുല്‍ കംബോജ് അരങ്ങേറ്റത്തോട് വളരെ അടുത്താണ്. പ്രസിദ്ധോ കംബോജോ കളിക്കുന്നതെന്ന് നാളെ തീരുമാനിക്കും. വിക്കറ്റ് കീപ്പിങ്ങില്‍ പന്തുണ്ടാവും,’ ഗില്‍ പറഞ്ഞു.

നേരത്തെ, പരിക്ക് കാരണം ഇടം കൈയ്യന്‍ ബൗളര്‍ അര്‍ഷദീപ് സിങ്ങും ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായിരുന്നു. ടെസ്റ്റില്‍ ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലാതെ അര്‍ഷദീപ് മാഞ്ചെസ്റ്ററില്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനിടെയാണ് താരത്തിന് പരിശീലനത്തിനിടെ ഇടം കൈയ്യിന് പരിക്കേറ്റതും മത്സരത്തില്‍ നിന്ന് പുറത്താവുന്നതും.

Content Highlight: Ind vs Eng: Akash Deep ruled out of Manchester test