അദ്ദേഹം നൽകിയ ആത്മവിശ്വാസമാണ് എന്റെ പ്രകടനത്തിൽ പ്രതിഫലിച്ചത്; തുറന്നുപറഞ്ഞ് ആകാശ് ദീപ്
Tendulkar - Anderson Trophy
അദ്ദേഹം നൽകിയ ആത്മവിശ്വാസമാണ് എന്റെ പ്രകടനത്തിൽ പ്രതിഫലിച്ചത്; തുറന്നുപറഞ്ഞ് ആകാശ് ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th July 2025, 1:55 pm

ബെർമിങ്ഹാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിനെ സന്ദർശകർ 407 റൺസിന് പുറത്താക്കിയിരുന്നു. അതോടെ ഇന്ത്യ 180 റൺസിന്റെ ലീഡ് നേടുകയാണ് ചെയ്തിരുന്നു. ആതിഥേയരുടെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യൻ പേസർമാരായിരുന്നു.

മത്സരത്തിൽ മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. 3.59 എക്കോണമിയിൽ പന്തെറിഞ്ഞ താരം 70 റൺസ് മാത്രമാണ് വിട്ടു നൽകിയത്. ബാക്കി നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ആകാശ് ദീപാണ്.

ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ക്രിസ് വോക്‌സ് എന്നിവരുടെ വിക്കറ്റുകളായിരുന്നു ആകാശ് ദീപ് നേടിയത്. ഇംഗ്ലണ്ടിനെതിരെ 20 ഓവറുകൾ എറിഞ്ഞ താരം 88 റൺസ് മാത്രമാണ് വഴങ്ങിയത്. 4.40 എക്കണോമിയിലാണ് ഇംഗ്ലണ്ട് ബാറ്റർമാരെ വലിഞ്ഞു മുറുക്കിയത്. താരത്തിന്റെ സ്പെല്ലിൽ രണ്ട് മെയ്ഡൻ ഓവറുകളുമുണ്ടായിരുന്നു.

ഇപ്പോൾ തന്റെ പ്രകടനത്തിന് പ്രചോദനമായത് ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീറാണെന്ന് തുറന്നുപറയുകയാണ് ആകാശ് ദീപ്. താൻ ടീമിനൊപ്പം ചേർന്നത് മുതൽ ഗൗതം ഗംഭീർ ഒരു താരത്തിന് ആവശ്യമായ എല്ലാ ആത്മവിശ്വാസവും നൽകിയെന്നും അതാണ് തന്റെ പ്രകടനത്തിൽ പ്രതിഫലിച്ചതെന്നും താരം പറഞ്ഞു.

പരിശീലകൻ ശക്തമായി പിന്തുണയ്ക്കുകയും നിങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുമ്പോൾ അത് ആത്മവിശ്വാസം നൽകുമെന്നും അത് പതിയെ ഫീൽഡിൽ പ്രകടമാകുമെന്നും പേസർ അഭിപ്രായപ്പെട്ടു. അനുഭവപരിചയമുള്ള ഒരാൾ നിങ്ങളെക്കുറിച്ച് പോസറ്റീവ് കാര്യങ്ങൾ സംസാരിക്കുമ്പോൾ ഓരോ താരത്തിന്റെയും ആത്മവിശ്വാസം ഉയർത്തുമെന്നും ആകാശ് ദീപ് കൂട്ടിച്ചേത്തു.

‘ഞാൻ ടീമിനൊപ്പം ചേർന്നത് മുതൽ എനിക്ക് അദ്ദേഹം (ഗൗതം ഗംഭീർ) ഒരു താരത്തിന് ആവശ്യമായ എല്ലാ ആത്മവിശ്വാസവും നൽകി. അദ്ദേഹം എന്നും തന്റെ അനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. അതാണ് എന്റെ പ്രകടനത്തിൽ പ്രതിഫലിച്ചത്.

പരിശീലകൻ ശക്തമായി പിന്തുണയ്ക്കുകയും നിങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുമ്പോൾ അത് ആത്മവിശ്വാസം നൽകും. അത് പതിയെ ഫീൽഡിൽ പ്രകടമാകും. അദ്ദേഹം ഇപ്പോഴും പോസറ്റീവ് കാര്യങ്ങളാണ് പറയുന്നത്. നിങ്ങളുടെ കഴിവുകൾ എന്തല്ലെമാണെന്ന് ചിലപ്പോൾ മനസിലാവില്ലെന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു.

അത്തരമൊരു പ്രചോദനമാണ് ഓരോ താരത്തിനും ആവശ്യം. ചിലപ്പോൾ നമുക്ക് നമ്മളെത്തന്നെ ശരിയായി മനസിലാക്കാനാവില്ല. എന്നാൽ അത്രയും അനുഭവപരിചയമുള്ള ഒരാൾ നിങ്ങളെക്കുറിച്ച് അങ്ങനെ എന്തെങ്കിലും പറയുമ്പോൾ, ആത്മവിശ്വാസം സ്വാഭാവികമായും ഉയരും,’ ആകാശ് ദീപ് പറഞ്ഞു.

അതേസമയം മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ 13 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. 22 പന്തിൽ 28 റൺസെടുത്ത താരത്തെ ജോഷ് ടംഗാണ് പുറത്താക്കിയത്. കെ.എൽ രാഹുലും (38 പന്തിൽ 28) കരുൺ നായരുമാണ് (18 പന്തിൽ ഏഴ്) ഇന്ത്യക്കായി ക്രീസിലുള്ളത്.

Content Highlight: Ind vs Eng: Akash Deep reveals that Gautham Gambhir’s motivation gave him confidence