ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസത്തില്‍ ഇനി അഞ്ച് വിക്കറ്റ് കൂടി വീഴ്ത്താന്‍ സാധിച്ചാല്‍ സന്ദര്‍ശകര്‍ക്ക് വിജയം സ്വന്തമാക്കാം.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിവസം ബാറ്റിങ് ആരംഭിച്ചത്. മഴമൂലം അഞ്ചാം ദിവസത്തെ മത്സരം തുടങ്ങാന്‍ വൈകിയിരുന്നു.
എന്നാല്‍ മഴ മാറി മത്സരം തുടങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റു. അഞ്ചാം ദിവസത്തെ നാലാം ഓവറില്‍ തന്നെ ഒലി പോപ്പിനെ ആകാശ് ദീപ് പുറത്താക്കി. 24 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് പോപ്പ് മടങ്ങിയത്.
തന്റെ അടുത്ത ഓവറില്‍ ആകാശ് ദീപ് വീണ്ടും വിരുതുകാട്ടി. സൂപ്പര്‍ താരം ഹാരി ബ്രൂക്കിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പവലിയനിലേക്ക് തിരിച്ചയച്ചു. 23 റണ്‍സിനാണ് ബ്രൂക്ക് പുറത്തായത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളാണ് ആകാശ് ദീപ് ഇതുവരെ വീഴ്ത്തിയത്.
ഇതോടെ ഒരു ചരിത്ര നേട്ടത്തിലും ആകാശ് ദീപ് ഇടം നേടി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് ആകാശ് ദീപ് ഇടം പിടിച്ചത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന അഞ്ചാമത് ബൗളറാണ് ആകാശ് ദീപ്.
ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും 4+ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അതേസമയം, മത്സരം 33 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 22 റണ്‍സുമായി ജെയ്മി സ്മിത്തും 18 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Akash Deep joins Zaheer Kahn and Jasprit Bumrah in the elite list of players with 4+ wicket haul twice for India in a Test in England