അവന്റെ പുറത്താവല്‍ ഇന്ത്യയുടെ കളി മാറ്റിമറിച്ചു: അജിന്‍ക്യ രഹാനെ
Sports News
അവന്റെ പുറത്താവല്‍ ഇന്ത്യയുടെ കളി മാറ്റിമറിച്ചു: അജിന്‍ക്യ രഹാനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th July 2025, 7:46 am

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്താവുകയായിരുന്നു.

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് അനായാസം വിജയിക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ആതിഥേയരുടെ തോരോട്ടം. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ബൗളിങ് യൂണിറ്റിന് മുമ്പില്‍ മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ മുട്ടുമടക്കുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടെങ്കിലും വാലറ്റം പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. അവസാന നിമിഷം വരെ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്റെ ഭീഷണിക്കെതിരെ ഒറ്റയ്ക്ക് പൊരുതി. എന്നാല്‍, താരത്തിന്റെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കാനായില്ല.

ഇപ്പോള്‍ ലോര്‍ഡ്‌സിലെ ഇന്ത്യയുടെ പരാജയ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. മികച്ച നിലയിലായിരുന്ന മത്സരം മാറ്റിമറിച്ചത് കരുണ്‍ നായരുടെ എല്‍.ബി.ഡബ്ല്യു ആണെന്ന് താരം പറഞ്ഞു.

കരുണിന്റെ പുറത്താവലിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അജിന്‍ക്യ രഹാനെ.

‘ഒന്നിന് 40 റണ്‍സ് എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. പക്ഷേ, കരുണ്‍ നായരുടെ എല്‍.ബി.ഡബ്ല്യുവാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഗതി മാറ്റിമറിച്ചത്. അതിന് ശേഷം ഇംഗ്ലണ്ട് കളിയിലേക്ക് മികച്ച രീതിയില്‍ തിരിച്ച് വന്നു. പിന്നീട് അവര്‍ നന്നായി ബൗള്‍ ചെയ്യാന്‍ തുടങ്ങി. ഫീല്‍ഡിലെ അവരുടെ ഊര്‍ജവും പ്രകടനവും മികച്ചതായിരുന്നു,’ രഹാനെ പറഞ്ഞു.

Content Highlight: Ind vs Eng: Ajikya Rahane says that Karun Nair’s LBW changed the game for India and England