ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവിൽ ഇന്ത്യ 54 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തിലെ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തിയാണ് ഇന്ത്യ ആതിഥേയർക്കെതിരെ ഇറങ്ങിയത്. നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ആകാശ് ദീപുമാണ് ടീമിൽ പകരക്കാരായി എത്തിയത്. ഷർദുൽ താക്കൂർ, സായ് സുദർശൻ എന്നിവർക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്.
അതേസമയം, രണ്ടാം ടെസ്റ്റിൽ കളിച്ചേക്കാമെന്ന റിപ്പോർട്ടുണ്ടായിട്ടും സൂപ്പർ താരം ജസ്പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. കൂടാതെ കുൽദീപ് യാദവിനും ടീമിൽ അവസരം ലഭിച്ചില്ല. മത്സരത്തിന് മുന്നോടിയായി താരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് പല സീനിയർ താരങ്ങളും ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ ഇരുവരെയും ഉൾപ്പെടുത്താത്തതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. ബുംറ ഫിറ്റായിരുന്നെങ്കിൽ അവനെ തീർച്ചയായും കളിപ്പിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് അധികം റൺസ് വിട്ടു നൽകുമായിരുനെങ്കിലും അടുത്ത അറ്റാക്കിങ് ബൗളറായ കുൽദീപ് യാദവിനെയെങ്കിലും ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഹാൻഡിലായ എക്സിലാണ് ആരോൺ ഫിഞ്ച് തന്റെ അഭിപ്രായം പറഞ്ഞത്.
‘ബുംറ ഫിറ്റായിരുന്നെങ്കിൽ അവനെ തീർച്ചയായും കളിപ്പിക്കേണ്ടതായിരുന്നു. മത്സരത്തിൽ 20 വിക്കറ്റുകൾ വീഴ്ത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ കുൽദീപ് യാദവിനെ എങ്കിലും ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. അദ്ദേഹം കൂടുതൽ റൺസ് വിട്ടുകൊടുത്തേക്കാം. പക്ഷേ, അടുത്ത അറ്റാക്കിങ് ബൗളർ അവനാണ്,’ ഫിഞ്ച് പോസ്റ്റിൽ എഴുതി.
ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യയ്ക്കായി ക്രീസിലുള്ളത് നായകൻ ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തുമാണ്. 115 പന്തുകൾ നേരിട്ട ഗിൽ 42 റൺസും പന്ത് 28 പന്തിൽ നിന്ന് 14 റൺസും നേടിയാണ് ബാറ്റിങ് തുടരുന്നത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് ഓപ്പണർ യശസ്വി ജെയ്‌സ്വാളാണ്. താരം 107 പന്തുകൾ നേരിട്ട് 87 റൺസാണ് എടുത്തത്. 13 ഫോറുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
താരത്തിന് പുറമെ, മൂന്നാം നമ്പറിൽ എത്തിയ കരുൺ നായർ 50 പന്തിൽ 31 റൺസുമെടുത്തു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുൽ നിരാശപ്പെടുത്തി. 26 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് താരത്തിന് സ്കോർ ചെയ്യാനായത്.
ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ്, ക്രിസ് വോക്‌സ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജെയ്‌സ്വാൾ, കെ.എൽ രാഹുൽ, കരുൺ നായർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ