ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ജൂണ്‍ 20 മുതല്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ടെസ്റ്റ് പടിയിറക്കത്തിന് ശേഷം ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഒരുങ്ങുന്നത്.
വളരെ വലിയ ലക്ഷ്യമാണ് ആദ്യ ക്യാമ്പെയ്‌നില്‍ തന്നെ ശുഭ്മന്‍ ഗില്ലിന് മുമ്പിലുള്ളത്. എം.എസ്. ധോണിക്കോ വിരാട് കോഹ്‌ലിക്കോ രോഹിത് ശര്‍മയ്‌ക്കോ സാധിക്കാത്ത വലിയ കടമ്പയാണ് ആദ്യ പരമ്പരയില്‍ തന്നെ ഗില്ലിന് നേരിടാനുള്ളത്. ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര ജയിക്കുക!
1932 മുതല്‍ 19 തവണ ഇന്ത്യ വിവിധ ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഇതില്‍ വിജയിച്ചതാകട്ടെ വെറും മൂന്ന് തവണയും. 2007ല്‍ രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ ഒടുവില്‍ ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കിയത്.
1971ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിലെത്തി പരമ്പര സ്വന്തമാക്കുന്നത്. അജയ് വഡേക്കറായിരുന്നു നായകന്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0നാണ് ഇന്ത്യ ജയിച്ചുകയറിയത്.
ശേഷം 1986ല്‍ കപില്‍ ദേവിന് കീഴില്‍ ഇന്ത്യ രണ്ടാമതും ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചുകയറി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സീരിസ് നേടിയത്.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
ജോണി ബെയര്‍സ്റ്റോയുടെ വെടിക്കെട്ടിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
ഇത്തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.