ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ടോസ് വിജയിച്ച് ഇംഗ്ലണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ബട്‌ലറിന്റെ തീരുമാനം ഫലത്തില്‍ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചതിന് സമാനമാണ്. മത്സരത്തില്‍ ടോസ് നേടിയാല്‍ തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമെന്നാണ് സൂര്യകുമാര്‍ യാദവ് പറഞ്ഞത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ജോഫ്രാ ആര്‍ച്ചറിനെ സിക്‌സറിന് പറത്തിയാണ് സഞ്ജു സ്‌കോര്‍ ബോര്‍ഡ് ഓപ്പണ്‍ ചെയ്തത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും തന്നെ ഒരേ രീതിയില്‍ പുറത്താക്കിയ ആര്‍ച്ചറിനെ സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയാണ് സഞ്ജു സിക്‌സറിന് പറത്തിയത്.
ഓവറിലെ അടുത്ത മൂന്ന് പന്തിലും റണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും അഞ്ചാം പന്തിലും സഞ്ജു ആര്‍ച്ചറിനെതിരെ സിക്‌സര്‍ നേടി. അവസാന പന്തില്‍ ഫോറും നേടി ആദ്യ ഓവറില്‍ 16 റണ്‍സാണ് സഞ്ജു നേടിയത്.
തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കാനാണ് സഞ്ജു ഒരുങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ വരുത്തിയ തെറ്റുകളില്‍ നിന്നും താരം പാഠം ഉള്‍ക്കൊണ്ടു എന്നാണ് വ്യക്തമാകുന്നത്.
മത്സരത്തിലെ ആദ്യ ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 16 എന്ന നിലയിലാണ് ഇന്ത്യ. ഓവറിലെ ആറ് പന്തും നേരിട്ട സഞ്ജു തന്നെയാണ് 16 റണ്‍സും നേടിയത്.